കുന്നിക്കോട് : പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ ലഭിച്ചില്ലെന്ന് പരാതി. വിളക്കുടി ഗ്രാമപഞ്ചായത്തിലെ ധർമ്മപുരി മീനംകോട് താമസിക്കുന്ന സുനിത ബാലാവകാശ കമ്മിഷന് പരാതി നൽകി. സുനിതയുടെ മകളും പുനലൂർ സെന്റ് ഗൊറേറ്റി സ്കൂളിലെ 5-ാം ക്ലാസ് വിദ്യാർത്ഥിനിയുമായ സുജിക്ക് ഈ മാസം 10ന് സുഖമില്ലാതാവുകയും താലൂക്കാശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു.

ശിശുരോഗ വിദഗ്ദ്ധനെ കണ്ടപ്പോൾ കുട്ടിയെ പരിശോധിക്കാതെ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് തുടർ ചികിത്സയ്ക്ക് നിർദ്ദേശിച്ചെന്നാണ് പരാതി. തിരുവനന്തപുരത്തേക്ക് നിർദ്ദേശിച്ചതിന്റെ കാരണം തിരക്കിയപ്പോൾ മറുപടി ഒന്നും പറയാതെ പരിശോധനകൾക്ക് കുറിക്കുകയായിരുന്നു. ഉച്ചകഴിഞ്ഞ് പരിശോധനാഫലവുമായി ഡോക്ടറെ കാണാൻ ശ്രമിച്ചപ്പോൾ ഒ.പി സമയം കഴിഞ്ഞ് ഡോക്ടർ പോയിരുന്നു.

തുടർന്ന് ജീവനക്കാർ ഡോക്ടറെ വിളിച്ച് വിവരങ്ങൾ അറിയിച്ചപ്പോൾ സുജിയെ അഡ്മിറ്റ് ചെയ്യാൻ ഡോക്ടർ നിർദ്ദേശിച്ചു. അഡ്മിറ്റ് ചെയ്തെങ്കിലും കിടക്ക ലഭിച്ചില്ല. പരിശോധനഫലങ്ങൾ പരിശോധിക്കുകയോ മരുന്ന് നൽകുകയോ ചെയ്തില്ല. മണിക്കൂറോളം നിൽക്കുകയും ഇരിക്കുകയും ചെയ്യുന്നതിലുള്ള ബുദ്ധിമുട്ട് ആശുപത്രി ജീവനക്കാരെ അറിയിച്ചപ്പോൾ ഇത്രയും സൗകര്യങ്ങളേ ഇവിടെയുള്ളുവെന്നും മെഡിക്കൽ കോളേജിലേക്ക് പോകാൻ ഡോക്ടർ നിർദ്ദേശിച്ചെന്നും അറിയിച്ചു.

തിരുവന്തപുരത്തേക്ക് പോകാൻ തയ്യാറായ സുനിതയ്കും മകൾക്കും ആശുപത്രിയിലെ ആംബുലൻസ് ഓട്ടത്തിലായതിനാൽ കൊട്ടാരക്കരയിൽ നിന്ന് 108 ആംബുലൻസ് വിളിച്ച് പോകേണ്ടി വന്നു.

താലൂക്ക് ആശുപത്രിക്കെതിരെ ഇതുപോലുള്ള നിരവധി പരാതികളാണ് അടുത്തിടെ ഉയരുന്നത്. കഴിഞ്ഞ വർഷം പാമ്പുകടിയേറ്റ് ആശുപത്രിയിൽ എത്തിച്ച 11 കാരനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചാണ് ജീവൻ രക്ഷിച്ചത്. ഈ സംഭവത്തിൽ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു. തുടർന്ന് ഈ മാസം 16 ന് ബാലാവകാശ കമ്മിഷനംഗം റെനി ആന്റണിയുടെ നിദ്ദേശപ്രകാരം ആശുപത്രിയിലെ എല്ലാ ജീവനക്കാരും കുട്ടികളോടും അവരുടെ രക്ഷിതാക്കളോടും സൗഹാർദ്ദപരമായി പെരുമാറണമെന്ന് ഉത്തരവിറക്കിയിരുന്നു. എന്നാൽ ആശുപത്രിയിലെ ഒ.പി സമയം 1 മണിവരെയാണെന്നും സംഭവത്തിൽ യാതൊരുവിധ വീഴ്ചയുമില്ലെന്നും പാമ്പുകടിയേറ്റ കുട്ടിയുടെ വിഷയത്തിൽ ബാലവാകാശ കമ്മിഷന്റെ ഓ‌ർഡറിനെതിരെ ഹൈക്കോടതിയിൽ അപ്പീലിന് പോകുമെന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഷാഹി‌ർഷ അറിയിച്ചു.