കൊട്ടാരക്കര: മേഖലയിൽ തെരുവ് നായകളുടെ ശല്യം വർദ്ധിച്ചിട്ടും അധികൃതർ ശ്രദ്ധിക്കുന്നില്ല. കൊട്ടിഘോഷിച്ച വന്ധ്യംകരണ പദ്ധതിയടക്കം താളംതെറ്റി. പട്ടണത്തിലും ഗ്രാമ പ്രദേശങ്ങളിലും തെരുവ് നായകളുടെ ശല്യമേറി. വിദ്യാലയങ്ങൾ തുറന്നതോടെ ഭീതിയിലാണ് രക്ഷിതാക്കളും. സ്കൂൾ വളപ്പിലും പരിസരങ്ങളിലും പൊതുവഴികളിലുമെല്ലാം തെരുവ് നായകൾ നിറയുകയാണ്. പലയിടത്തും തെരുവ് നായകൾ അക്രമകാരികളായി മാറുന്നുണ്ട്. കൊട്ടാരക്കര പട്ടണത്തിൽ കഴിഞ്ഞയാഴ്ച 15 പേർക്കാണ് നായകളുടെ കടിയേറ്റത്. തൊട്ടുമുൻപുള്ള ദിവസം തേവന്നൂർ അനുഭവനിൽ ബാലചന്ദ്രൻ പിള്ളയെ(52) നായകൾ കടിച്ചുകീറി ഗുരുതര പരിക്കേൽപ്പിച്ചിരുന്നു. അബോധാവസ്ഥയിൽ വയലരികിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയതും കഷ്ടിച്ച് മരണമുഖത്ത് നിന്ന് തിരിച്ചെത്തുകയുമായിരുന്നു.

തിരുവനന്തപുരത്തേക്ക് റഫർചെയ്യും

നായ കടിച്ചാൽ പേവിഷബാധയ്ക്കെതിരെയുള്ള ചികിത്സയാണ് പ്രധാനമായും നടത്തുന്നത്. പേവിഷ പ്രതിരോധ വാക്സിൻ എല്ലാ ആശുപത്രികളിലും ലഭ്യമല്ല. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വാക്സിനുണ്ട്. എന്നാൽ നായ കടിച്ച് മുറിവേറ്റുവരുന്നവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നതാണ് ഇവിടുത്തെ പൊതു രീതി.

മാലിന്യമാണ് പ്രശ്നം

റോഡരികിൽ മാലിന്യങ്ങൾ തള്ളുന്നതും ചന്തയിലെ മാംസ, മത്സ്യ അവശിഷ്ടങ്ങളുമൊക്കെയാണ് നായകളെ കൂടുതൽ ആകർഷിക്കുന്നത്. പുലർകാലങ്ങളിൽ പത്ര വിതരണത്തിന് പോകുന്നവർ തീർത്തും ഭീതിയിലാണ്. ഏത് നിമിഷവും തെരുവ് നായകൾ കൂട്ടമായി ആക്രമിച്ചേക്കാം. ഇരുചക്ര വാഹനങ്ങളിൽ പോകുന്നവരാണ് കൂടുതലും ഭീതിയിലാകുന്നത്.

വന്ധ്യം കരണപദ്ധതി എവിടെ?

തെരുവ് നായകളുടെ എണ്ണം വർദ്ധിക്കാതിരിക്കാൻ വന്ധ്യം കരണ പദ്ധതി തയ്യാറാക്കിയിരുന്നു. നഗരസഭ കൂടുതൽ താത്പര്യത്തോടെ പദ്ധതി ഏറ്റെടുത്തെങ്കിലും ഇത് ഫലം കണ്ടില്ല. നഗരപ്രദേശത്ത് ഇരുന്നൂറിൽപരം നായകളെ വന്ധ്യം കരിച്ചുവെന്നാണ് കണക്കുകൾ. എന്നാൽ എണ്ണം പെരുകുകയാണ്. ഇപ്പോൾ പദ്ധതി നടപ്പാക്കുന്നുമില്ല.