 
പടിഞ്ഞാറേകല്ലട: നെൽപ്പുരക്കുന്ന് ഹയർസെക്കൻഡറി സ്കൂളിന് സമീപത്തെ കല്ലടയാറിനോട് ചേർന്നുള്ള പി.ഡബ്ല്യു.ഡി റോഡ് വിണ്ടുകീറുന്നത് പതിവാകുന്നു. കടപുഴ, വളഞ്ഞവരമ്പ് , കാരാളിമുക്ക് പി.ഡബ്ല്യു.ഡി റോഡുകളിൽ കിഫ്ബി പദ്ധതിപ്രകാരമുള്ള നവീകരണ ജോലികൾ നടന്നെങ്കിലും വിണ്ടുകീറലിന് യാതൊരു പരിഹാരവും ഉണ്ടായില്ല.
ഏഴു വർഷം മുമ്പ് മഴക്കാലത്ത് കല്ലട ഡാമിന്റെ ഷട്ടറുകൾ ഉയർത്തുകയും ആറ്റിലെ ജലനിരപ്പ് ഉയരുകയും ഒഴുക്ക് വർദ്ധിക്കുകയും ചെയ്തതോടെയാണ് റോഡ് പൊട്ടിപിളരാൻ തുടങ്ങിയത്.
പഞ്ചായത്ത്, റവന്യു ,പൊലീസ്, സൈനിക വിഭാഗം എന്നിവരുടെ സമയോചിതമായ ഇടപെടൽ കാരണം റോഡിന്റെ മറുവശത്തുള്ള നിരവധി കുടുംബങ്ങളാണ് അന്ന് വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.
150 ലധികം ലോഡ് പാറയാണ് ഒറ്റ രാത്രികൊണ്ട് ആറ്റിൽ നിക്ഷേപിച്ച് റോഡ് സംരക്ഷിച്ച് സുരക്ഷിതമാക്കിയത്. ഇനിയും ഒരു വൻദുരന്തം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അധികൃരുടെ വിദഗ്ദ്ധ സംഘം സ്ഥലം പരിശോധിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്നതാണ് പരിസവാസികളുടെ ആവശ്യം.
.............................................................................................................
നെൽപ്പുര കുന്നിൽ കല്ലടയാറ്റിൽ വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച തടയണ പുനർനിർമ്മിച്ചും വിണ്ടുകീറിയ സ്ഥലത്തെ പാർശ്വഭിത്തി പുതുക്കി പണിതും റോഡ് സംരക്ഷിക്കണം. വിദഗ്ദ്ധ സംഘം സ്ഥലത്ത് എത്തി പരിഹാരം കാണണം.
അഡ്വ. ബി.ത്രിദീപ് കുമാർ ,
മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,
പടിഞ്ഞാറേകല്ലട.