കൊല്ലം: വിനോദസഞ്ചാര മേഖലയിലടക്കം ജില്ലയുടെ വികസനത്തിന് കരുത്തേകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ച ലിങ്ക്റോഡ് ഉദ്‌ഘാടനത്തിനൊരുങ്ങവേ, പൂർണമായ പ്രയോജനത്തിന് തടസമാവുകയാണ് അപ്രോച്ച് റോഡുകൾ.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് മുതൽ ഓലയിൽക്കടവ് വരെയുള്ള ലിങ്ക് റോഡിന്റെ മൂന്നാംഘട്ട നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരണത്തിലേക്കെത്തിയതോടെ ജൂലായ് അവസാനവാരം ഗതാഗതത്തിനായി തുറന്നുകൊടുക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
എന്നാൽ ഓലയിൽക്കടവിലേക്കെത്തുന്ന രണ്ട് അപ്രോച്ച് റോഡുകളും ഇതുവഴിയുള്ള സുഗമമായ ഗതാഗതത്തിന് തടസമാകുമെന്നുറപ്പ്. ഹൈസ്‌കൂൾ ജംഗ്‌ഷൻ- അഞ്ചാലുംമൂട് റോഡിൽ രാമവർമ്മ ക്ലബിന് മുന്നിലെയും ചിന്നക്കട റോഡിൽ കൊച്ചുകൊടുങ്ങല്ലൂർ ക്ഷേത്രത്തിന് മുന്നിലെയും റോഡിൽ നിന്നാണ് പാലത്തിലേക്ക് എത്തേണ്ടത്. ഇരുറോഡുകളിലൂടെയും ഹെവി വാഹനങ്ങൾ കടന്നുപോകുമെങ്കിലും ഒരു വശത്തേക്ക് മാത്രമേ സുഗമമായി സഞ്ചരിക്കാൻ കഴിയൂ. കഴിഞ്ഞവർഷം 90 ലക്ഷം ചെലവിൽ ഇരുറോഡുകളും അത്യാധുനിക രീതിയിൽ നവീകരിച്ചെങ്കിലും വീതി കൂട്ടുന്നതിനെപ്പറ്റിയോ മറ്റു നടപടികളെക്കുറിച്ചോ ചർച്ചകൾ പോലുമുണ്ടായില്ല.
പാലത്തിൽ നിന്ന് ഈ റോഡുകളിലേക്ക് 25 മീറ്റർ നീളത്തിൽ റോഡ് നിർമ്മിച്ചിട്ടുണ്ടെങ്കിലും 4.5 മീറ്റർ വീതി മാത്രമാണുള്ളത്. ഇരുവശത്തും ഓരോ മീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്യുമെങ്കിലും വീതിയുടെ കാര്യത്തിൽ പ്രയോജനമുണ്ടാകില്ല. ചുരുക്കത്തിൽ, ഗതാഗതകുരുക്ക് പരിഹരിക്കാനെന്ന പേരിൽ കോടികൾ ചെലവഴിച്ച് നിർമ്മിച്ച പാലം പ്രയോജനം ചെയ്യില്ലെന്ന് ഉറപ്പായിരിക്കുകയാണ്. അപ്പ്രോച്ച് റോഡുകൾക്ക് മതിയായ വീതി ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നഗരവാസികളുടെ ആവശ്യം.
# ലിങ്ക് റോഡ് മൂന്നാംഘട്ടം
കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്- ഓലയിൽക്കടവ്: 1084.40 മീറ്റർ നീളം
കരയിൽ: 80.40 മീറ്റർ
ഫ്ലൈ ഓവർ: 1004 മീറ്റർ
വീതി: 11 മീറ്റർ
ഗതാഗതസൗകര്യം: 7.5 മീറ്റർ
നടപ്പാത: 1.5 മീറ്റർ (ഇരുവശത്തും)
# അപ്രോച്ച് റോഡ്
രാമവർമ്മ ക്ലബ് - ഓലയിൽക്കടവ്
കൊച്ചുകൊടുങ്ങല്ലൂർ ക്ഷേത്രം- ഓലയിൽക്കടവ്
ബോയ്സ് എച്ച്.എസ്.എസ് - നാണി ഹോസ്പിറ്റൽ- ഓലയിൽക്കടവ്
# കൊച്ചുകൊടുങ്ങല്ലൂർ ക്ഷേത്രം- നാണി ഹോസ്പിറ്റൽ- ഓലയിൽക്കടവ്- വെറ്ററിനറി ഹോസ്പിറ്റൽ- രാമവർമ്മ: 1.8 കിലോമീറ്റർ,
വീതി: 6 മീറ്റർ