കൊല്ലം: പനയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ ബി.ജെ.പി - യു.ഡി.എഫ് കൂട്ടുകെട്ടിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ നോട്ടീസ്. നിലവിൽ എൽ.ഡി.എഫാണ് പനയം പഞ്ചായത്ത് ഭരിക്കുന്നത്.

ചാത്തിനാംകുളം വാർഡിൽ നിന്ന് വിജയിച്ച സി.പി.ഐയുടെ ജിജി രമേശിനെതിരെയാണ് നാളെ അവിശ്വാസം അവതരിപ്പിക്കുന്നത്. വൈസ് പ്രസിഡന്റിന്റെ വീട് മെയിന്റനൻസിനായി പട്ടികജാതി വിഭാഗത്തിനുള്ള പ്രത്യേക ഫണ്ട് അനുവദിച്ചിരുന്നു. അനർഹമായ ആനുകൂല്യം കൈപ്പറ്റുന്നതായി ആരോപിച്ചാണ് അവിശ്വാസ പ്രമേയം. ഗ്രാമസഭ അംഗീകരിച്ച് തയ്യാറാക്കിയ ഗുണഭോക്തൃ ലിസ്​റ്റ് പ്രകാരം അർഹമായ ആനുകൂല്യമാണ് നൽകുന്നതെന്നും ചാത്തിനാംകുളം വാർഡിൽ നിന്ന് പട്ടിക വിഭാഗത്തിൽ നിന്ന് മറ്റൊരു അപേക്ഷപോലും ലഭിച്ചിരുന്നില്ലെന്നും എൽ.ഡി.എഫ് പറയുന്നു.

തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട തർക്കത്തിൽ യു.ഡി.എഫ് പ്രവർത്തകനെതിരെ അഞ്ചാലുംമൂട് പൊലീസിൽ പരാതി നൽകിയതിന്റെ വിരോധത്തിലാണ് അഴിമതി ആരോപണം നടത്തി അവിശ്വാസം കൊണ്ടുവന്നതെന്നും എൽ.ഡി.എഫ് ആരോപിക്കുന്നു. കോൺഗ്രസ് വിമതൻ ഉൾപ്പെടെ അവിശ്വാസത്തെ പിന്തുണക്കാനാണ് സാദ്ധ്യത.

പഞ്ചായത്തിന്റെ വിശദീകരണം

1. നിർദ്ധനയായ വൈസ്‌പ്രസിഡന്റിന്റെ വീട് അറ്റകുറ്റപ്പണിക്ക് പണം അനുവദിച്ചത് അർഹയാണെന്ന് ഗ്രാമസഭ വിലയിരുത്തിയ ശേഷമാണ്

2. പഞ്ചായത്തിൽ നടപ്പാക്കിയ 20 ലക്ഷം രൂപയിൽ താഴെ വരുന്ന പ്രവൃത്തികളിൽ 11 ലക്ഷത്തോളം രൂപയുടെ മെ​റ്റീരിയൽ ഫണ്ട് ഗുണഭോക്താകൾക്ക് നൽകാൻ കഴിയാത്തത് കേന്ദ്ര ഫണ്ട് ലഭിക്കാത്തതുകൊണ്ടാണ്

3. ഇക്കാര്യം അറിയാവുന്ന യു.ഡി.എഫ് - ബി.ജെ.പി സഖ്യം തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിൽ തെ​റ്റിദ്ധാരണ സൃഷ്ടിക്കുകയാണ്

കക്ഷിനില

യു.ഡി.എഫ് -4

ബി.ജെ.പി - 4

കോൺ. വിമതൻ - 1

എൽ.ഡി.എഫ് - 7

പട്ടികജാതി വൈസ് പ്രസിഡന്റായ വനിതക്കെതിരെ യാഥാർത്ഥ്യമില്ലാത്ത അഴിമതിയാണ് ആരോപിക്കുന്നത്. അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയതിലൂടെ യു.ഡി.എഫ് ​- ബി.ജെ.പി സഖ്യത്തിന്റെ സ്ത്രീവിരുദ്ധതയും അവഹേളന മനോഭാവവും ജനങ്ങൾ തിരിച്ചറിയും.

ഡോ. രാജശേഖരൻ, പ്രസിഡന്റ്

പനയം ഗ്രാമപഞ്ചായത്ത്