തിരുവനന്തപുരം: കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ ആദ്യമായി മെഡിക്കൽ പി.ജി സീറ്റുകൾക്ക് അനുമതി ലഭിച്ചതായി മന്ത്രി വീണാ ജോർജ്. എം.ഡി കമ്മ്യൂണിറ്റി മെഡിസിൻ, എം.ഡി പത്തോളജി എന്നീ വിഭാഗങ്ങളിലായി രണ്ട് വീതം സീറ്റുകൾക്കാണ് നാഷണൽ മെഡിക്കൽ കമ്മിഷൻ അനുമതി നൽകിയത്. മെഡിക്കൽ കോളേജ് പ്രവർത്തനം ആരംഭിച്ച് 5 വർഷത്തിനുള്ളിൽ പി.ജി കോഴ്‌സ് ആരംഭിക്കാനായത് അഭിമാന നേട്ടമാണെന്നും മന്ത്രി വ്യക്തമാക്കി. കൂടുതൽ വിഭാഗങ്ങൾക്ക് പി.ജി സീറ്റുകൾ നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ് സർക്കാർ. എത്രയും വേഗം കോഴ്‌സുകൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.