t


പരവൂർ: പൂതക്കുളം പഞ്ചായത്തിലെ വിവിധ പ്രേദേശങ്ങളിൽ തെരുവുവിളക്കുകൾ കണ്ണടച്ചി​ട്ടും അധി​കൃതർ ഗൗനി​ക്കുന്നി​ല്ല. 'നിലാവ്' പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച എൽ.ഇ.ഡി വിളക്കുകൾ മാസങ്ങൾക്കകം കേടാവുകയായിരുന്നു.

കലക്കോട്, ആൽത്തറമൂട് ജംഗ്ഷൻ, പീന്തമുക്ക്, ഊറ്റുകുഴി,അമ്മാരത്ത് ജംഗ്ഷൻ, ഐശ്വര്യ സ്കൂളിന് സമീപം, പുത്തൻകുളം, കലക്കോട് സി.എച്ച്.സി, പുത്തൻ നട, ഊന്നിൻമൂട് എന്നിവിടങ്ങളിലാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. മഴയുള്ള രാത്രികൾ ദുരിതം ഇരട്ടിയാക്കുന്നു. 450 എൽ.ഇ.ഡി വിളക്കുകളാണ് ആകെ സ്ഥാപിച്ചത്. വിളക്കുകൾ തെളിയാതായതോടെ തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷമായി. പ്രഭാത സവാരിക്കാരും ഏറെ ബുദ്ധിമുട്ടിലാണ്.
തെരുവുവിളക്കുകളുടെ ലൈനില്ലാതിരുന്ന പ്രേദേശങ്ങളിൽ താത്കാലിക സംവിധാനമൊരുക്കി സ്ഥാപിച്ച വിളക്കുകൾ മഴയിൽപ്പെട്ടാണ് പെട്ടന്ന് കേടാകുന്നതായാണ് പഞ്ചായത്ത് അധികൃതർ പറയുന്നു. കെ.എസ്.ഇ .ബി.യും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി നടത്താൻ ടെൻഡർ നടപടികളായെന്ന് പഞ്ചായത്തു പ്രസിഡന്റ് എസ്. അമ്മിണിയമ്മ അറിയിച്ചു. ഹൈമാസ്റ്റ് വിളക്കുകളുടെ അറ്റകുറ്റപ്പണിയും ഉടൻ നടത്തും.