 
 വിദഗ്ദ്ധസംഘം മേൽപ്പാലവും സമീപപ്രദേശങ്ങളും സന്ദർശിച്ചു
പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ ഇടുങ്ങിയ മേൽപ്പാലത്തിന്റെ പുനർ നിർമ്മാണത്തിന് വഴിയൊരുങ്ങുന്നു. ഇതിന് മുന്നോടിയായി റവന്യു, സർവ്വേ, ദേശീയ പാത വിഭാഗം ഉദ്യാഗസ്ഥരും ജനപ്രതിനിധികളും അടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം മേൽപ്പാലവും സമീപ പ്രദേശങ്ങളും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നൂറ്റാണ്ട് പഴക്കമുളള റെയിൽവേ മേൽപ്പാലത്തിന്റെ ദയനീയ സ്ഥിതിയെക്കുറിച്ച് കേരളകൗമുദി നിരവധി തവണ റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട പി.എസ്.സുപാൽ എം.എൽ.എ, മേൽപ്പാലത്തിന്റെ അറ്റകുറ്റപ്പണി ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ദേശീയ പാത അതോറിട്ടിയോട് ആവശ്യപ്പെടുകയും, ഉദ്യോഗസ്ഥ മേധാവികൾക്കൊപ്പം അദ്ദേഹം സ്ഥലം സന്ദർശിക്കുകയും ചെയ്തു. തുടർന്ന് നിർമ്മാണ പ്രവർത്തനം നടത്തേണ്ട സ്ഥലത്തിന്റെ സർവേ നടത്തി നൽകണമെന്ന് എൻ.എച്ച് അധികൃതർ ആവശ്യപ്പെടുകയും ചെയ്തു. ഇത് കണക്കിലെടുത്താണ് സംയുക്ത സംഘം പാലവും സമീപ പ്രദേശങ്ങളും പരിശോധിച്ചത്.
റെയിൽവേ, ദേശീയ പാത,റവന്യുപുറമ്പോക്ക് ഭൂമികൾക്ക് പുറമേ സമീപവാസികളുടെ കൈവശമുളള ഭൂമിയുടെയും വ്യക്തത വരുത്തി അതിർത്തി തിരിച്ച് നൽകുന്ന നടപടികളാണ് ഇപ്പോൾ പൂർത്തിയാക്കി വരുന്നത്. ഇതുകഴിഞ്ഞാൽ ദേശീയ പാത ഉദ്യോഗസ്ഥർ ഡിസൈൻ തയ്യാറാക്കും. തുടർന്ന് മേൽപ്പാലത്തിന്റെ നിർമ്മാണ ജോലികൾ ആരംഭിക്കും.
നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഡി.ദിനേശൻ, പി.എ.അനസ്, കൗൺസിലർ സതേഷ്, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.രാധാകൃഷ്ണൻ, ദേശീയപാത വിഭാഗം അസി.എൻജിനീയർ ആൻസി,സർവേയർ സതീഷ് തുടങ്ങിയ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മേൽപ്പാലം സന്ദർശിക്കാൻ എത്തിയിരുന്നു.
പഴക്കം, അപരിഷ്‌കൃതം
നൂറ്റാണ്ടുകൾക്ക് മുമ്പ് ബ്രിട്ടീഷ്കാർ കരിങ്കല്ലിൽ നിർമ്മിച്ച ഇടുങ്ങിയ മേൽപ്പാലത്തിലൂടെ ഒരു സമയം ഒരു വാഹനത്തിന് മാത്രമേ കടന്ന് പോകാൻ കഴിയൂ. വാഹനങ്ങൾ കടന്ന് പോകുമ്പോൾ കാൽ നടയാത്രക്കാർക്ക് ഒഴിഞ്ഞു നിൽക്കാൻ പോലും സ്ഥലമില്ലാതെ അവസ്ഥയാണ്. ശബരിമല അടക്കമുളള സീസണുകളിൽ വൻ ഗതാഗാത കുരുക്ക് പതിവാണ്. തമിഴ്നാട്,ആന്ധ്രാ,കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന നൂറ് കണക്കിന് വാഹനങ്ങൾ വാളക്കോട്ടെ ഇടുങ്ങിയ മേൽപ്പാലത്തിലൂടെയാണ് കടന്ന് പോകുന്നത്. പുനലൂർ-ചെങ്കോട്ട റെയിൽവേ ഗേജ് മാറ്റത്തിനൊപ്പം മേൽപ്പാലത്തിൻെറ പുനർ നിർമ്മാണവും ആരംഭിച്ചങ്കിലും ദേശീയ പാത വിഭാഗവും റെയിൽവേയും തമ്മിലുളള ശീത സമരത്തെ തുടർന്ന് അത് അനിശ്ചിതമായി നീളുകയായിരുന്നു.