
കൊല്ലം: വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം തടയാൻ അദ്ധ്യാപകർക്ക് ഇരുപുറവും കണ്ണ് വേണമെന്ന് മുൻ എക്സൈസ് കമ്മിഷണറും ഡി.ജി.പിയുമായിരുന്ന ഋഷിരാജ് സിംഗ് പറഞ്ഞു. കേരളകൗമുദിയും എക്സൈസ് വകുപ്പും സംയുക്തമായി പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച ബോധപൗർണമി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥികളിലുണ്ടാകുന്ന മാറ്റങ്ങളിലൂടെ ലഹരി ഉപയോഗം കണ്ടെത്താം. ഇത്തരം വിദ്യാർത്ഥികളെ ഉടൻ ചികിത്സയ്ക്കോ കൗൺസലിംഗിനോ വിധേയമാക്കണം. വൈകിയാൽ മോചനം പ്രയാസമാണ്. മാതാപിതാക്കളും ലഹരി ഉപയോഗം ഒഴിവാക്കണം. സ്കൂളിന് സമീപത്തെ തട്ടുകടകൾ അദ്ധ്യാപകരും രക്ഷിതാക്കളും നിരീക്ഷിക്കണം. രഹസ്യമായി വില്പന നടത്തുന്ന പല ലഹരി പദാർത്ഥങ്ങളും കേരളത്തിൽ നിർമ്മിക്കുന്നതല്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും വരുന്നതാണ്. തമാശയ്ക്ക് വേണ്ടിയാണ് പലരും ലഹരി ഉപയോഗിച്ച് തുടങ്ങുന്നത്. പിന്നീട് രുചിക്ക് വേണ്ടിയാകും. തുടർന്ന് ഉപയോഗിക്കാതിരിക്കാൻ കഴിയാത്ത അവസ്ഥയാകും. തുടർന്ന് രോഗങ്ങൾക്ക് അടിമപ്പെട്ട് മരണത്തിലേക്ക് വഴുതിവീഴുമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ പി.ടി.എ പ്രസിഡന്റ് ബി. സജീവ് അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്.രാധാകൃഷ്ണൻ മുഖ്യാതിഥിയായി. എക്സൈസ് ചാത്തന്നൂർ റേഞ്ച് ഇൻസ്പെക്ടർ എം. കൃഷ്ണകുമാർ, കരുനാഗപ്പള്ളി എക്സൈസ് അസി. ഇൻസ്പെക്ടറും വിമുക്തി കോ - ഓർഡിനേറ്ററുമായ പി.എൽ.വിജിലാൽ എന്നിവർ ആശംസകൾ നേർന്നു. ഋഷിരാജ് സിംഗ് വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ മാനേജർ യു.സുരേഷ് സ്വാഗതവും പ്രിൻസിപ്പൽ ശ്രീരേഖ പ്രസാദ് നന്ദിയും പറഞ്ഞു.
നല്ല കാര്യങ്ങൾ ലഹരിയാക്കണം: പി.എൽ. വിജിലാൽ
വിദ്യാർത്ഥികൾ ജീവിത വിജയത്തിനും സമൂഹനന്മയ്ക്കും വേണ്ടിയുള്ള കാര്യങ്ങൾ ലഹരിയാക്കണമെന്ന് കരുനാഗപ്പള്ളി എക്സൈസ് അസി. ഇൻസ്പെക്ടർ പി.എൽ. വിജിലാൽ ബോധവത്കരണ ക്ലാസ് നയിച്ചുകൊണ്ട് പറഞ്ഞു. ലഹരി ജീവിതം തകർക്കും. ശേഷികളെയും നശിപ്പിക്കും. മദ്യത്തിന് അടിമയായി മാറിയ എഴുത്തുകാരുടെ ജീവിതം ഇതിന് ഉദാഹരണമാണ്. മദ്യപാനം അവരുടെ പ്രതിഭയെ നശിപ്പിക്കുകയായിരുന്നു. ലഹരിക്ക് അടിമയാകുന്ന വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയാണ്. ഇക്കാര്യത്തിൽ അദ്ധ്യാപകരും രക്ഷിതാക്കളും കൂടുതൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.