കൊല്ലം: ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിട്ടി ഒഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) രാജ്യവ്യാപകമായി നടപ്പാക്കുന്ന ഈറ്റ് റൈറ്റ് ഇന്ത്യ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം ഭക്ഷണശാലകൾക്ക് സ്റ്റാർ റേറ്റിംഗ് നൽകിത്തുടങ്ങി. 48 ശുചിത്വ സുരക്ഷിതത്വ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് റേറ്റിംഗ് നൽകുന്നത്.

രണ്ടു വർഷം അല്ലെങ്കിൽ സ്ഥാപനത്തിന്റെ ലൈസൻസ് പൂർത്തിയാകുന്നത് വരെയാണ് നിലവിലെ റേറ്റിംഗ്. തുടർന്ന് വീണ്ടും ഓഡിറ്റ് നടത്തിയാണ് റേറ്റിംഗ് നൽകുക. അടുക്കളയുടെയും ഉപകരണങ്ങളുടെയും വൃത്തി, മാലിന്യ സംസ്‌കരണ സൗകര്യം, തൊഴിലാളികളുടെ ആരോഗ്യം, പരിശീലനം, ഭക്ഷണം പാകം ചെയ്യുന്ന രീതി, ആഹാര സാധനങ്ങൾ സൂക്ഷിക്കുന്ന വിധം, ജലത്തിന്റെ ഗുണനിലവാരം, കീട നിയന്ത്രണ സംവിധാനങ്ങൾ, പാകം ചെയ്ത ആഹാരത്തിന്റെ പരിശോധനാഫലം, ഭക്ഷണം വിതരണം ചെയ്യുന്ന രീതി എന്നിവ വിലയിരുത്തും.

ആദ്യഘട്ടത്തിൽ ജില്ലയിൽ 28 സ്ഥാപനങ്ങളാണ് റേറ്റിംഗ് കരസ്ഥമാക്കിയത്. ഇവയുടെ ഓഡിറ്റിംഗ് ചിലവ് എഫ്.എസ്.എസ്.എ.ഐ വഹിച്ചു. ഇതിൽ സുപ്രീം എക്സ്പീരിയൻസ് കടപ്പാക്കട, ഹോട്ടൽ റാവീസ്, ക്വയിലോൺ ബീച്ച് ഹോട്ടൽ, ഹോട്ടൽ പാലാഴി പത്തനാപുരം, ഹോട്ടൽ കുമാർ പാലസ് പുനലൂർ എന്നിവ ഫൈവ് സ്റ്റാർ നിലവാരം കരസ്ഥമാക്കി. മറ്റ് 11 സ്ഥാപനങ്ങൾ ഫോർ സ്റ്റാർ നേടി. റേറ്റിംഗ് എഫ്.എസ്.എസ്.ഐ മൊബൈൽ ആപ്പുമായി ബന്ധിപ്പിക്കുന്നതിന് നടപടികൾ പുരോഗമിക്കുകയാണ്. എഫ്.എസ്.എസ്.എ.ഐ ലൈസൻസ്‌ നമ്പർ 8943346182 എന്ന നമ്പരിലേക്ക് വാട്ട്സ് ആപ്പ് ചെയ്താൽ വിശദവിവരങ്ങൾ ലഭിക്കും.