
കുന്നത്തൂർ : കാരാളിമുക്ക് ആദിക്കാട് മുക്കിൽ അപകടം പതിവാകുന്നു. ചവറ - അടൂർ സംസ്ഥാന പാതയിലെ തിരക്കേറിയ ജംഗ്ഷനായ ഇവിടെ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുണ്ട്. ഇരുഭാഗങ്ങളിലെയും കൊടുംവളവാണ് അപകടങ്ങൾക്ക് കാരണം. ഇരു ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് പെട്ടെന്ന് വേഗത കൈവരിക്കാൻ സാധിക്കുന്നതും അപകടസാദ്ധ്യത കൂട്ടുന്നു. കാരണം, വളവാണെന്നോ വേഗത കുറയ്‌ക്കണമെന്നോ അപകട സാദ്ധ്യതയോ സൂചിപ്പിക്കുന്ന ബോർഡുകൾ ഒന്നും ഇവിടെ സ്ഥാപിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ ക്രഷർ ജീവനക്കാരനായ കാൽനട യാത്രക്കാരൻ മരിച്ചിരുന്നു. കുണ്ടറ ചീരങ്കാവ് സ്വദേശി ജോൺസൺ (56) ആണ് മരിച്ചത്. ചായ കുടിക്കുന്നതിനായി ആദിക്കാട് മുക്കിലേക്ക് വരവേ, അമിത വേഗതയിലെത്തിയ പെട്ടി ഓട്ടോ ഇടിച്ചായിരുന്നു അപകടം.വാഹനം നിർത്താതെ പോവുകയും ചെയ്തു. നടപ്പാതയ്ക്കുള്ള സ്ഥലപരിമിതിയും കടകൾക്ക് മുന്നിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളും വലിയ മാർഗതടസമാണ് സൃഷ്ടിക്കുന്നത്.
ബസ് കാത്ത് നടുറോഡിൽ
കൊല്ലം - പത്തനംതിട്ട ചെയിൻ സർവ്വീസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റൂട്ടാണിത്.നിരവധി യാത്രക്കാർ എത്തിച്ചേരുന്ന ഇവിടെ ബസ് കാത്ത് നടുറോഡിലാണ് യാത്രക്കാർ നിൽക്കുന്നത്. പി.ഡബ്യു.ഡി അധികൃതർ അടിയന്തരമായി ശ്രദ്ധ ചെലുത്തി ശാശ്വതമായ പരിഹാരം കാണമെന്ന് കോൺഗ്രസ് നേതാവ് ദിനകർ കോട്ടക്കുഴി ആവശ്യപ്പെട്ടു.