കൊല്ലം: അയൽ വാസികളായ ദമ്പതികളെ കമ്പിവടി കൊണ്ടടിച്ച് മാരകമായി പരിക്കേൽപ്പിച്ചയാളെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. അയണിവേൽക്കുളങ്ങര കോഴിക്കോട് മുറിയിൽ പ്രസാദ് ഭവനിൽ ഭാർഗവൻ(62) ആണ് പൊലീസിന്റെ പിടിയിലായത്. ഇയാളുടെ അയൽവാസികളായ സുരേന്ദ്രനും ഭാര്യയുമാണ് ആക്രമണത്തിന് ഇരയായത്. 27ന് ഉച്ചയ്ക്ക് 2 മണിയോടെ വീടിന് മുന്നിലുള്ള റോഡിൽ സുരേന്ദ്രന്റെ ഭാര്യ ലീലയുമായി പ്രതി വാക്കുതർക്കത്തിലാകുകയും അസഭ്യം വിളിച്ചുകൊണ്ട് കമ്പിവടി
ഉപയോഗിച്ച് അടിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ലീലയെ അടിക്കുന്നത് കണ്ട് ഓടി വന്ന
സുരേന്ദ്രനെയും കമ്പിവടി ഉപയോഗിച്ച് തലക്കടിച്ച് മാരകമായി പരിക്കേൽപ്പിച്ചു. പരിക്കേറ്റ സുരേന്ദ്രനും ലീലയും ചികിത്സയിലാണ്. സുരേന്ദ്രന്റെ പരാതിയിൽ കരുനാഗപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. കരുനാഗപ്പള്ളി എ.സി.പി വി.എസ് പ്രദീപ് കുമാറിന്റെ നിർദ്ദേശ പ്രകാരം
സ്റ്റേഷൻ ഇൻസ്‌പെക്ടർ ജി. ഗോപകുമാർ, സബ് ഇൻസ്‌പെക്ടർ അലോഷ്യസ് അലക്‌സാണ്ടർ, സി. പി. ഒ ശ്രീകുമാർ, രജീഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.