കുന്നിക്കോട് : ഇന്നലെ പെയ്ത ശക്തമായ മഴയിലും കാറ്റിലും ഇളമ്പൽ - ചക്കുവരയ്ക്കൽ പാതയോരത്ത് നിന്ന മരം വീണു. വൈകിട്ട് അഞ്ചരയോടെയാണ് മക്കന്നൂർ ക്ഷേത്രത്തിന് സമീപത്ത് നിന്ന റബർ മരം വൈദ്യുത കമ്പികൾക്ക് മീതെ വീണത്. മൂന്ന് വൈദ്യുത പോസ്റ്റുകളും, നാല് 11 കെ.വി. പോസ്റ്റുകളും പൂർണമായും തകർന്നു. ബാക്കി പോസ്റ്റുകൾക്ക് ചരിവ് സംഭവിക്കുകയും വൈദ്യുത കമ്പികൾ പൊട്ടുകയും ചെയ്തു.
മരം റോഡിന് കുറുകേ വീണതിനെ തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടു. കൂടാതെ മരച്ചില്ലകൾ റോഡിന്റെ മറുവശത്ത് സ്ഥിതി ചെയ്യുന്ന കടയുടെ മീതെയും പതിച്ചു. ഷീറ്റ് മേഞ്ഞ കടയുടെ മേൽക്കൂരയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പത്തനാപുരം അഗ്നിരക്ഷാ സേനയെത്തി മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. വിളക്കുടി കെ.എസ്.ഇ.ബി. ജീവനക്കാർ വൈദ്യുതി പുനസ്ഥാപിക്കുന്ന ശ്രമത്തിലാണ്.