കൊല്ലം: റോഡ് റോളർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് വഴിയാത്രക്കാരിയുടെ ഇരു കാലുകൾക്കും ഗുരുതരമായി പരിക്കേറ്റു. തലശേരി സ്വദേശിനിയും അയത്തിൽ കാഷ്യു കോർപ്പറേഷൻ ഫാക്ടറിയിലെ ജീവനക്കാരിയുമായ റീഷയ്ക്കാണ് പരിക്കേറ്റത്.

ഇന്നലെ രാവിലെ ബൈപ്പാസിൽ പാൽക്കുളങ്ങരയിലായിരുന്നു അപകടം. കാലുകൾക്ക് ഗുരുതര പരിക്കേറ്റ റഷീദയെ കൊല്ലം സഹകരണ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അയത്തിൽ ഭാഗത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് വരികയായിരുന്നു റോഡ് റോളർ. പാൽക്കുളങ്ങര ക്ഷേത്രത്തിന് സമീപത്തെ കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് പിന്നോട്ട് ഇറങ്ങുകയായിരുന്നു.

ഡ്രൈവർ വാഹനം നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും പിന്നോട്ട് നീങ്ങിയ വാഹനം ക്ഷേത്രത്തിന് സമീപത്തെ താഴ്ചയിലേക്ക് മറിഞ്ഞു. ഈ സമയം റോഡിന് വശത്തുകൂടി നടന്നുവന്ന റീഷയ്ക്ക് വാഹനം തട്ടി പരിക്കേൽക്കുകയായിരുന്നു. വാഹനത്തിന് പിന്നാലെ സ്കൂട്ടറിൽ വന്ന മറ്റൊരു സ്ത്രീ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. റോഡ് റോളവർ ഡ്രൈവർക്കും പരിക്കേറ്റു.