kayal

കൊല്ലം: സംസ്ഥാന തണ്ണീർത്തട അതോറിറ്റിക്ക് കീഴിലെ പ്രാദേശിക സമിതികളുടെ അഭാവം മൂലം കായൽ സംരക്ഷണത്തിൽ വെള്ളം കലരുന്നു. പ്രാദേശിക സമിതികൾ ഇല്ലാത്തതിനാൽ അതോറിറ്റി നടപ്പാക്കുന്ന കർമ്മപദ്ധതികൾ പാളുകയാണ്.

കഴിഞ്ഞയാഴ്ച കൊല്ലത്തെത്തിയ നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ മുമ്പാകെയും പ്രശ്നമെത്തി. ഫണ്ട് വിനിയോഗത്തിലെ സുതാര്യതയും ഏകോപനവും നഷ്ടപ്പെട്ടതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ജില്ലയിൽ അഷ്ടമുടി, ശാസ്താംകോട്ട കായൽ പ്രദേശങ്ങളാണ് തണ്ണീർത്തട മേഖലയിൽ ഉൾപ്പെടുന്നത്. കൊല്ലം കോർപ്പറേഷനും സമീപത്തെ പതിമൂന്ന് ഗ്രാമപഞ്ചായത്തുകളിലൂടെയുമാണ് അഷ്ടമുടി കായൽ ഒഴുകുന്നത്. അതുകൊണ്ട് തന്നെ വിവിധ തദ്ദേശ സ്ഥാപനങ്ങളും സർക്കാർ വകുപ്പുകളും ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന പദ്ധതികളിൽ ഏകോപനം ഇല്ലാത്തത് പാളിച്ചയ്ക്ക് കാരണമായി.

2018ൽ 345.12 കോടി രൂപയാണ് മൂന്ന് കായലുകളുടെ സംരക്ഷണത്തിനായി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ചെലവഴിച്ചത്. മണ്ണ് സംരക്ഷണം, ടൂറിസം, കുടുംബശ്രീ, ബാംബു കോർപ്പറേഷൻ, സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്പ്മെന്റ് ആൻഡ് മാനേജ്മെന്റ്, കേരള യൂണിവേഴ്സിറ്റി ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് തുടങ്ങിയവയുടെ നേതൃത്വത്തിലായിരുന്നു സംരക്ഷണം.

ഏകോപനമില്ലാത്തതിനാൽ പദ്ധതി നടത്തിപ്പിൽ വലിയ ആക്ഷേപങ്ങളാണ് ഉയരുന്നത്. 59 ലക്ഷം രൂപ ചെലവഴിച്ച ശാസ്താംകോട്ട കായൽ സംരക്ഷണ പദ്ധതി നടത്തിപ്പിനെതിരെയും ആക്ഷേപം ശക്തമാണ്.

പ്രാദേശിക സമിതികളുടെ മോൽനോട്ടമില്ല

1. അഷ്ടമുടി,​ ശാസ്താംകോട്ട കായലുകളുടെ സംരക്ഷണത്തിന് ആവിഷ്കരിക്കുന്ന പദ്ധതികൾ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാണ് നടക്കുന്നത്

2. ഇതിനൊപ്പം വിവിധ സർക്കാർ വകുപ്പുകളും പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നു

3. ഏകോപനം ഇല്ലാത്തതിനാൽ ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ല

4. കൊല്ലം കോർപ്പറേഷന്റെ അഷ്ടമുടി പുനരുജ്ജീവന പദ്ധതിയും ഒരുവർഷം പിന്നിട്ടിട്ടും നടപ്പായിട്ടില്ല

5. നിയമസഭാ പരിസ്ഥിതി കമ്മിറ്റിക്ക് മുന്നിലും പ്രാദേശിക സമിതിയെന്ന ആവശ്യം ഉയർന്നു

സംസ്ഥാന തണ്ണീർത്തട അതോറിറ്റി

2015ലാണ് സംസ്ഥാന തണ്ണീർത്തട അതോറിട്ടി നിലവിൽ വന്നത്. പരിസ്ഥിതി വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ചെയർമാനും ചീഫ് സെക്രട്ടറി വൈസ് ചെയർമാനും പരിസ്ഥിതി - കാലാവസ്ഥാ വകുപ്പ് ഡയറക്ടർ മെമ്പർ സെക്രട്ടറിയും അഞ്ച് വിഷയ വിദഗ്ദ്ധരും ഉൾപ്പെടുന്നതാണ് സമിതി.

അതോറിറ്റിയുടെ കടമകൾ

1. തണ്ണീർത്തട സംരക്ഷണത്തിന് പദ്ധതി തയ്യാറാക്കൽ

2. പദ്ധതി നടപ്പാക്കൽ

3. ഗവേഷണം

4. അവബോധ പരിപാടികൾ സംഘടിപ്പിക്കൽ

5. വിധവ സമാഹരണം