പുനലൂർ: തെങ്ങുകയറ്റത്തിനിടെ വീണ് നട്ടെല്ലിന് ക്ഷതമേറ്റ് അരയ്ക്ക് താഴെ തളർന്ന് കിടപ്പിലായ ശാസ്താംകോണം താഴേതിൽ വീട്ടിൽ ധനേഷിന് (37) ആശ്വാസമായി ഫിലാഡെൽഫിയായിലെ മലയാളി അസോസിയേഷനായ 'കല'എത്തി. കല ഭാരവാഹികൾ ധനേഷിന്റെ വീട്ടിലെത്തി ഇലക്ട്രോണിക്ക് വീൽചെയർ നൽകി.
12വർഷം മുമ്പായിരുന്നു ധനേഷ് തെങ്ങിൽ നിന്ന് വീണത്. നിരവധി ആശുപത്രികളിൽ ചികിത്സതേടിയിട്ടും നിലയിൽ മാറ്റമില്ലാതെ അന്ന് മുതൽ വീട്ടിൽ തളർന്നു കിടക്കുകയായിരുന്നു അദ്ദേഹം. ഭാര്യയും കുട്ടിയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രമാണ് ധനേഷ്. എസ്.എൻ.ഡി.പി യോഗം 5423 -ാ നമ്പർ ശാസ്താംകോണം ശാഖയിലെ അംഗമായ ധനേഷിന്റെ ദുരിത ജീവിതം ശാഖ ഭാരവാഹികൾ നവ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെയാണ് അമേരിക്കയിലെ അസോസിയേഷൻ സഹായ ഹസ്തവുമായി എത്തിയത്.
'കല' ഭാരവാഹികളായ ശ്രീധരൻ, റെജി എം.ജോർജ്ജ് എന്നിവർ ചേർന്ന് വീട്ടിലെത്തി വീൽചെയർ ധനേഷിന് കൈമാറി. എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് മുഖ്യാതിഥിയായിരുന്നു. ശാസ്താംകോണം ശാഖ പ്രസിഡന്റ് എം.രാജൻ, സെക്രട്ടറി അമ്പിളി സന്തോഷ്, ജോയിന്റ് സെക്രട്ടറി മഞ്ജു ബിജു, യൂണിയൻ പ്രതിനിധി മണിക്കുട്ടൻ നാരായണൻ, യൂണിയൻ ഓഫീസ് സ്റ്റാഫ് സുഗതൻ, ടി.വി.ബാബു,രഞ്ജിത്ത് തുടങ്ങിയവർ സംബന്ധിച്ചു. കല പ്രതിനിധി ഡോ.ജയമോൾ ശ്രീധരനാണ് അസോസിയേഷന് വീൽചെയർ സംഭവനയായി നൽകിയത്.