 
ചവറ: കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ചവറ ഐ.ആർ. ഇ.എൽ ഇന്ത്യയുടെ നേതൃത്വത്തിൽ കൊവിഡ്, കൊവിഡാനന്തര മെഡിക്കൽ ക്യാമ്പ് ചവറയിൽ നടന്നു. ചവറ കുളങ്ങര ഭാഗം പ്രത്യാശ ചാരിറ്റബിൾ സൊസൈറ്റിയുടെ സഹകരണത്തോടെ ചവറ വേളാങ്കണ്ണി മാതാ പള്ളിയിലും തട്ടാശ്ശേരി എസ്.എൻ ലൈബ്രറിയുടെ സഹകരണത്തോടെ ലൈബ്രറി ഹാളിലുമാണ് ക്യാമ്പുകൾ നടന്നത്. പൾമനോളജിമെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാരുടെ സേവനവും ശ്വാസകോശ പരിശോധനയും ക്യാമ്പിൽ ഉണ്ടായിരുന്നു. സൗജന്യ വൃക്ഷ തൈ വിതരണവും നടന്നു. ഐ.ആർ. ഇ.എല്ലിന്റെ സാമൂഹിക ഉത്തരവാദിത്വ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ഐ.ആർ.ഇ.എൽ ജനറൽ മാനേജരും യൂണിറ്റ് മേധാവിയുമായ ആർ.വി.വിശ്വനാഥ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചവറ പഞ്ചായത്ത് പ്രസിഡന്റ് കെ.ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി, പഞ്ചായത്ത് അംഗങ്ങളായ കെ.പ്രദീപ്, അശ്വിനി, ഐ.ആർ.ഇ.എൽ ഡെപ്യുട്ടി ജനറൽ മാനേജർ എൻ.എസ്. അജിത്ത്, ചീഫ് മാനേജർ കെ.എസ്.ഭക്ത ദർശൻ, പ്രത്യാശ ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികളായ അഡ്വ. ഫ്രാൻസിസ് ജെ. നെറ്റോ, ഫ്രെഡി ഫെറിയ, എസ്.എൻ. ലൈബ്രറി ഭാരവാഹി കളായ വി.കെ.മധുസൂദനൻ, സുഭാഷ്, പി.കെ.ഗോപാലകൃഷ്ണൻ (ലൈബ്രറി കൗൺസിൽ ) എന്നിവർ ക്യാമ്പുകളിൽ സംസാരിച്ചു.