road
നെൽപ്പുരക്കുന്നിലെ റോഡ് വിണ്ട് കീറിയ ഭാഗം കെ.എച്ച്.ആർ.ഐ ഉദ്യോഗസ്ഥർ മണ്ണ് നീക്കി പരിശോധന നടത്തുന്നു

പടിഞ്ഞാറേ കല്ലട: നെൽപ്പുരക്കുന്ന് ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപത്തെ കല്ലടയാറിനോട് ചേർന്നുള്ള റോഡ് വിണ്ടുകീറുന്നത് പതിവായതോടെ കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ( കെ.എച്ച്.ആർ.ഐ )ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തി. വിണ്ടുകീറൽ പതിവായ റോഡ് വിദഗ്ദ്ധസംഘം പരിശോധിക്കണമെന്ന നാട്ടുകാരുടെ ആവശ്യം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് നടപടി.

കഴിഞ്ഞ ദിവസം രാവിലെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥസംഘം കെ. ആർ .എഫ്.ബി കരാറുകാരുടെ സഹായത്തോടെ കല്ലടയാറിനോട് ചേർന്ന് റോഡ് വിണ്ടുകീറിയ ഭാഗം ജെ.സി.ബി യും കട്ടറും ഉപയോഗിച്ച് വെട്ടിപ്പൊളിച്ച് പരിശോധിച്ചു.

രണ്ടര മീറ്ററോളം താഴ്ചയിൽ മണ്ണ് നീക്കിയ ശേഷം മറ്റ് ഉപകരണങ്ങളുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ അടിയിലേയ്ക്ക് വിള്ളൽ വർദ്ധിച്ചതായും അടിയുറപ്പ് മണ്ണിന് തീരേയില്ലെന്നും കണ്ടെത്തി.

റോഡിന്റെ വിള്ളൽ ഭാഗം അടിയന്തരമായി വെട്ടിപ്പൊളിച്ച് ബലപ്പെടുത്തിയി ല്ലെങ്കിൽ വൻ അപകടത്തിന് കാരണമാകുമെന്നും വിദഗ്ദ്ധസംഘം വിലയിരുത്തി.

കെ.എച്ച് ആർ.ഐ അസി. എക്സിക്യുട്ടീവ് എൻജിനീയർമാരായ ലക്ഷ്മി സുഭാഷ്, എം ദിവ്യ, അസി. എൻജിനീയർ അഭിജിത്ത് രവികുമാർ, സൂപ്പർവൈസർ നിഷ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

രാവിലെ ആരംഭിച്ച പരിശോധന വൈകുന്നേരത്തോടെയാണ് അവസാനിച്ചത്.

........................................................................................................

റോഡ് വിണ്ടുകീറുന്ന സ്ഥലത്തോട് ചേർന്ന് വർഷങ്ങൾക്ക് മുമ്പ് ആറ്റിലേക്ക് പാറയിട്ട് വെള്ളത്തിന്റെ ഒഴുക്കിന്റെ ശക്തി കുറച്ച് റോഡും പരിസര പ്രദേശവും സംരക്ഷിക്കാനായി നിർമ്മിച്ച തടയണ കാലക്രമേണ നശിച്ചുപോയിരുന്നു. കല്ലടയാറ്റിലെ അമിതമായ മണൽവാരലാണ് ഇതിന് പ്രധാനകാരണം. ഈ തടയണ പുനർനിർമ്മിച്ച് റോഡിനോട് ചേർന്ന് മീറ്ററുകൾ താഴ്ചയുള്ള കല്ലടയാറിന്റെ ഭാഗം അടിയിൽ നിന്ന് പാറ അടുക്കി കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുക എന്നതാണ് പ്രശ്നത്തിന് പരിഹാരം.

എം. ഭദ്രൻ, കല്ലട സൗഹൃദം, കൂട്ടായ്മ മുഖ്യരക്ഷാധികാരി.

കോവൂർ കുഞ്ഞുമോൻ എം.എൽ.എ യുടെ നിർദ്ദേശപ്രകാരം നെൽപ്പുരക്കുന്നിലെ റോഡ് വിണ്ടുകീറിയ സ്ഥലത്തെ ആറ്റിലേക്ക് പാറ അടക്കി കോൺക്രീറ്റ് ചെയ്യുന്നതിലേയ്ക്ക് 40 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി മേജർ ഇറിഗേഷൻ ചീഫ് എൻജിനീയർക്ക് സമർപ്പിച്ചിരുന്നു. ഫണ്ട് ലഭ്യമാകാത്തതിനെ തുടർന്ന് ജില്ലാ ദുരന്തനിവാരണ കമ്മിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിക്ക് സമർപ്പിച്ചിക്കുകയും ചെയ്തിട്ടുണ്ട്. ഫണ്ട് അനുവദിച്ച് കിട്ടുന്ന മുറയ്ക്ക് ജോലികൾ പൂർത്തിയാക്കി റോഡ് ബലപ്പെടുത്തും.

ബേസിൽ, എക്സിക്യുട്ടീവ് എൻജിനീയർ, മേജർ ഇറിഗേഷൻ,കൊല്ലം .