കൊല്ലം: കഥാപ്രസംഗ കല 2024ൽ ശതാബ്ദിയിൽ എത്തുന്നതിന്റെ ഭാഗമായി വി. സാംബശിവൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ജൂലായ് 5 മുതൽ രണ്ടുവർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾ സംഘടിപ്പിക്കും.

ഇതിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ നിന്ന് സംഗമ ദീപപ്രയാണം ആരംഭിച്ചു. വി. സാംബശിവന്റെ സ്മൃതിയിൽ നിന്ന് കാഥികൻ തെക്കുംഭാഗം വിശ്വംഭരൻ കൊളുത്തിയ ദീപം ഡോ. വസന്തകുമാർ സാംബശിവൻ ഏറ്റുവാങ്ങി. ആദ്യ കഥാപ്രസംഗകനായ സി.എ. സത്യദേവന്റെ ഭവനമായ വിമല കലാലയത്തിൽ നിന്ന് സത്യദേവന്റെ മകൻ സുദർശനൻ, ഒ.എൻ.വി കുറുപ്പിന്റെ വസതിയായ ഇന്ദീവരത്തിൽ മകൻ രാജീവ്, വയലാർ രാമവർമ്മയുടെ രാഘവപ്പറമ്പിലെ സ്മൃതിയിൽ വച്ച് പുത്രൻ ശരത്ത്ചന്ദ്രവർമ്മ, കെടാമംഗലം സദാനന്ദന്റെ സ്മൃതിയിൽ വച്ച് മനോജ് കെടാമംഗലം, കടയ്‌ക്കോട് വിശ്വംഭരന്റെ സ്മൃതിയിൽ വച്ച് പ്രൊഫ. സന്ദീപ് വിശ്വംഭരൻ എന്നിവർ ദീപം കൊളുത്തി ഡോ. വസന്തകുമാർ സാംബശിവന് കൈമാറും.

സംഗമനാളം ജൂലായ് 5ന് വി. സാംബശിവൻ സ്മാരകത്തിൽ തെളിച്ച് ചലച്ചിത്ര സംവിധായകനും പു.ക.സ സംസ്ഥാന സെക്രട്ടറിയും കെ.എസ്.എഫ്.ഡി.സി ചെയർമാനുമായ ഷാജി എൻ. കരുൺ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ജൂലായ് 4ന് കേളി കൃഷ്ണൻകുട്ടിപ്പിള്ള ലൈബ്രറിയുടെ അനുസ്മരണ പരിപാടിയും സ്മൃതി മണ്ഡപത്തിൽ നടക്കുമെന്ന് ഫൗണ്ടേഷൻ സെക്രട്ടറി ഡോ. വസന്തകുമാർ സാംബശിവൻ, കേളി കൃഷ്ണൻകുട്ടിപ്പിള്ള ലൈബ്രറി സെക്രട്ടറി ആർ. സന്തോഷ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.