കൊല്ലം: ജി​ല്ലയി​ൽ ഇന്നു മുതൽ പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കുമെന്ന് മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. കൗൺസിൽ യോഗത്തിൽ മറുപടി പറയുകയായിരുന്നു മേയർ.

കൊവിഡ് കാലത്ത് കടകളിലെ റെയ്ഡി​ൽ അനുവദിച്ച ഇളവ് ഇനി​യി​ല്ല. പ്ലാസ്റ്റിക് കവറുകൾ, കപ്പുകൾ, പ്ലേറ്റുകൾ എന്നി​വ വില്പനയ്ക്കു വച്ചാൽ പിഴ ചുമത്തും. ഡെങ്കിപ്പനി തടയാൻ ഫോഗിംഗ് ഉൾപ്പടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആരോഗ്യ വിഭാഗം നടപടി സ്വീകരിച്ചിട്ടുണ്ട്. പി.എം.എ.വൈ ഗുണഭോക്താക്കൾക്ക് പണം നേരിട്ട് നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതോടെ ഭവന നിർമ്മാണ പദ്ധതി വേഗത്തിലാക്കാൻ കഴിയുന്നില്ല. പി.എം.എ.വൈ വിഹിതം നേരത്തേ കോർപ്പറേഷൻ ഫണ്ടിൽ നിന്ന് നൽകിയ ശേഷം ഫണ്ട് വരുമ്പോൾ തിരികെ പിടിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തയയ്ക്കും. ജൂലായ് 16 ന് മുൻപ് പരമാവധി തെരുവ് വി​ളക്കുകൾ ഇടുമെന്നും മേയർ പറഞ്ഞു.

 ഉദ്യോഗസ്ഥനെ തിരിച്ചെടുത്തതിൽ പ്രതിഷേധം

ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ അന്വേഷണം പൂർത്തിയാകും മുൻപേ ശക്തികുളങ്ങര സോണൽ ഓഫീസിലെ ചാർജ്ജ് ഓഫീസറെ തിരിച്ചെടുത്തതിൽ ബി.ജെ.പി അംഗങ്ങൾ പ്രതിഷേധിച്ചു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മേയർ പറഞ്ഞു