photo-
ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനിലെ ഫ്ലാറ്റ്ഫോമിൽ വെട്ടിയിട്ട കാടും പടലും

ശാസ്താംകോട്ട: നൂറ് കണക്കിന് യാത്രക്കാർ ദിവസേന വന്നുപോകുന്ന ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ വെട്ടിയിട്ട കാടും പടലം നീക്കം ചെയ്യാത്തത് യാത്രക്കാരെ വലയ്ക്കുന്നു. ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനിലെ ഇരു ഫ്ലാറ്റ്ഫോമുകളും കാടുകയറി കിടക്കുകയായിരുന്നു. ഇതിനെതിരെ യാത്രക്കാരും പ്രദേശവാസികളും പ്രതിഷേധം ഉയർത്തിയതോടെ റെയിൽവേ അധികൃതർ ഇടപെട്ട് ഒരാഴ്ച മുമ്പ് കാടുകളും വള്ളി പടർപ്പുകളും വെട്ടിവൃത്തിയാക്കിയിരുന്നു. എന്നാൽ, ഒരാഴ്ച കഴിഞ്ഞിട്ടും ഇത് ഇവിടെ നിന്ന് മാറ്റാൻ നടപടിയായില്ല. ഫ്ലാറ്റ്ഫോമിലാകെ നിരന്നുകിടക്കുന്നതിനാൽ യാത്രക്കാർക്ക് സ്വതന്ത്രമായി നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. മാത്രമല്ല, ഇതിനിടയിൽ ഇഴജന്തുക്കളുണ്ടെന്ന ഭയവും യാത്രക്കാരെ അസ്വസ്തമാക്കുന്നുണ്ട്. വെട്ടയിട്ട കാടും പടലവും അടിയന്തരമായി നീക്കം ചെയ്യണമെന്നതാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.