
കൊല്ലം: വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ഇടപാടുകാരോട് സ്വകാര്യ ധനമിടപാട് സ്ഥാപനത്തിന്റെ പ്രാകൃത നടപടി. ചവറയിലാണ് സംഭവം. ഇടപാടുകാരുടെ വീടുകൾക്ക് മുന്നിൽ കൈവശാവകാശം സ്ഥാപിച്ചുകൊണ്ടും ജപ്തി നടപടികളിലേക്ക് കടക്കുന്നുവെന്നും ചൂണ്ടിക്കാട്ടി സ്പ്രേപെയിന്റ് കൊണ്ട് വലിയ അക്ഷരത്തിൽ എഴുതി അപമാനിക്കുന്ന തരത്തിലാണ് നടപടികൾ. കടുംനിറത്തിലുള്ള പേപ്പറുകളിൽ ഡി.ടി.പിയെടുത്ത് ഗേറ്റിലും മറ്റും പോസ്റ്റർ പതിക്കുകയും ചെയ്തു. ഇത്തരം പ്രവൃത്തികളെല്ലാം ചെയ്തത് രാത്രിയുടെ മറവിലായിരുന്നുവെന്നതാണ് പ്രത്യേകത.
രണ്ട് തരിച്ചടവുകൾ മാത്രം മുടക്കം വരുത്തിയ വീടുകൾക്ക് മുന്നിലാണ് അതിക്രമം നടന്നത്. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് പാലിക്കേണ്ട നിയമനടപടികളൊന്നും സ്വീകരിക്കാതെയാണ് ഇത്തരം പ്രവൃത്തികൾ. വായ്പാതിരിച്ചടവ് മുടങ്ങിയതിന്റെ പേരിലുള്ള നോട്ടീസ് പോലും പലർക്കും നൽകിയിട്ടില്ല. ഇടപാടുകാരിലൊരാൾ ധനകാര്യ സ്ഥാപനത്തിൽ ബന്ധപ്പെട്ടപ്പോൾ തൂങ്ങിച്ചാകാനുള്ള നിർദ്ദേശം നൽകിയ ഓഡിയോ ക്ലിപ്പും പുറത്തുവന്നു. മരിച്ചുകഴിഞ്ഞാൽ ഇൻഷ്വറൻസ് കമ്പനികൾ ബാധ്യത തീർക്കുമെന്നും ഓഡിയോ ക്ലിപ്പിലുണ്ട്. സ്ത്രീകളോടുൾപ്പെടെ അപമര്യാദയായാണ് സ്ഥാപനത്തിന്റെ പ്രതിനിധികൾ പ്രതികരിച്ചതെന്നും പരാതിയുണ്ട്. എന്നാൽ, സ്ഥാപനത്തിന് ഇക്കാര്യവുമായി ബന്ധമില്ലെന്നും കളക്ഷൻ ചുമതലയുള്ള ചില ജീവനക്കാരാണെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. പരാതിയെ തുടർന്ന് ചവറ പൊലീസ് കേസെടുത്തു.