കൊട്ടാരക്കര : ശിവഗിരി മുൻ മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടെ സമാധിദിനം ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്രസമിതിയുടെ ആഭിമുഖ്യത്തിൽ മതാതീത ആത്മീയ ദിനമായി ആചരിക്കും. ജൂലായ് ഒന്നിന് വിവിധ കേന്ദ്രങ്ങളിൽ അനുസ്മരണ പ്രാർത്ഥനാ സംഗമവും മതാതീത ആത്മീയ ജാഥയും നടക്കും. പുത്തൂർ ചിറ്റാകോട് രാവിലെ 9ന് നടക്കുന്ന പ്രാർത്ഥനാ സംഗമം സംഘം ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം കൺവീനർ ശാന്തിനി എസ്. കുമാർ അദ്ധ്യക്ഷത വഹിക്കും. തുടർന്നു നടക്കുന്ന സമാധി ദിന സമ്മേളനം അ‌ഡ്വ. ഐഷാപോറ്റി ഉദ്ഘാടനം ചെയ്യും. സംഘം ചെയർമാൻ എഴുകോൺ രാജ്മോഹൻ അദ്ധ്യക്ഷത വഹിക്കും. ശിവഗിരിയിലേക്കുളള മതാതീത ആത്മീയ ജാഥ ഡി.സി.സി ജനറൽ സെക്രട്ടറി പി.ഹരികുമാർ ജാഥാ ക്യാപ്ടൻ എസ്.ശാന്തിനിക്ക് പീത പതാക നൽകി ഉദ്ഘാടനം ചെയ്യും. പാത്തല രാഘവൻ മുഖ്യ പ്രഭാഷണം നടത്തും.