shailaja-45

ചാത്തന്നൂർ: ബൈക്കിൽ ഭർത്താവിനൊപ്പം യാത്ര ചെയ്ത വീട്ടമ്മ അപകടത്തിൽ മരിച്ചു. കൊല്ലം വടക്കേവിള മുള്ളുവിള കൊച്ചു കൂനമ്പായിക്കുളം ക്ഷേത്രത്തിനടുത്ത് പ്രസാദം വീട്ടിൽ പ്രസാദിന്റെ ഭാര്യ കുഞ്ഞുമോൾ എന്ന് വിളിക്കുന്ന ശൈലജ പ്രസാദാണ് (45) മരിച്ചത്.
ദേശീയപാതയിൽ ഇത്തിക്കര പാലത്തിന് സമീപം ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു അപകടം. കൊട്ടിയത്ത് നിന്ന് ചാത്തന്നൂരിലേക്ക് വരികയായിരുന്ന ബൈക്കിന്റെ പിന്നിൽ കാറിടിക്കുകയായിരുന്നു. നിലത്തുവീണ ശൈലജയുടെ തലയിൽ കൂടി കാർ കയറിയിറങ്ങി. പിന്നാലെ കാറിൽ വന്ന ഡോക്ടർ ശൈലജയെ പരിശോധിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഒരു മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. ആംബുലൻസും പൊലീസും വൈകിയാണ് എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. ശൈലജയുടെ മൃതദേഹം ആദ്യം കൊട്ടിയം കിംസ് ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പ്രസാദ് ഗൾഫിൽ നിന്ന് ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. മക്കൾ: പ്രവീൺ, പ്രവീണ.