new-market
കൊട്ടാരക്കര ഹൈടെക് മാർക്കറ്റിന്റെ രൂപരേഖ

കൊട്ടാരക്കര: ഹൈടെക് മാർക്കറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട്

കൊട്ടാരക്കര ചന്തയുടെ പ്രവർത്തനം താത്കാലിക സംവിധാനത്തിലേക്ക് മാറ്റുന്നു. ചന്തയ്ക്ക് സമീപത്ത് തന്നെ ലോട്ടസ് റോഡിൽ സ്വകാര്യ ഭൂമിയിൽ താത്കാലിക സംവിധാനം ഒരുക്കിയ ശേഷമാകും ചന്ത അവിടേക്ക് മാറ്റുക. ഇതിന്റെ ക്രമീകരണങ്ങൾ ആരംഭിച്ചുകഴിഞ്ഞു. നഗരസഭ ഓഫീസിനോട് ചേർന്നുള്ള സ്ഥലമാണ് ആദ്യം കണ്ടെത്തിയത്. എന്നാൽ,​ ഇവിടെ മതിയായ സൗകര്യങ്ങളില്ലെന്ന് ആക്ഷേപമുണ്ടായി. വ്യാപാരികൾ അവിടേക്ക് പോകാൻ വിസമ്മതവും അറിയിച്ചു. തുടർന്നാണ് പുതിയ സ്ഥലം കണ്ടെത്തിയത്. ചന്തയുടെ പ്രവർത്തനം മാറ്റിയെങ്കിൽ മാത്രമേ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ കഴിയുള്ളു.

അഞ്ചുകോടിയുടെ മാർക്കറ്റ്

കൊട്ടാരക്കര പട്ടണത്തിന്റെ കണ്ണായ ഭാഗത്താണ് ചന്ത പ്രവർത്തിച്ചുവരുന്നത്. ഇവിടെ തട്ടിക്കൂട്ട് സംവിധാനങ്ങളാണുള്ളത്. വൃത്തിയും വെടിപ്പുമില്ലാത്ത സാഹചര്യത്താൽ ആളുകൾ ചന്തയിലേക്ക് എത്താൻ മടിക്കുന്നുമുണ്ട്. ഹൈടെക് മാർക്കറ്റ് എന്ന പദ്ധതി വിഭാവനം ചെയ്തിട്ട് ഏറെക്കാലമായി. അഞ്ചുകോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. 42 സെന്റ് ഭൂമിയിലായി 23,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് മാർക്കറ്റ് കെട്ടിടം നിർമ്മിക്കുക. രണ്ട് നിലകളിലായിട്ടാണ് മാർക്കറ്റ് കെട്ടിടം ഉയരുക. 33 കടമുറികൾ, എട്ട് ഇറച്ചി തയ്യാറാക്കൽ കേന്ദ്രങ്ങൾ, വിശ്രമ മുറികൾ, ടോയ്ലറ്റ് സംവിധാനം, 12 ഉണക്കമത്സ്യ വിപണന സ്റ്റാളുകൾ, 19 മത്സ്യ സ്റ്റാളുകൾ, പ്രിപ്പറേഷൻ റൂം, മത്സ്യം കേടുകൂടാതെ സൂക്ഷിക്കാനുള്ള സൗകര്യം, ഓഫീസ് മുറി, സെക്യൂരിറ്റി സംവിധാനം, പ്രവേശന കവാടങ്ങൾ എന്നിവ കൂടാതെ മാലിന്യ സംസ്കരണ സംവിധാനവും ഹൈടെക് മാർക്കറ്റിലുണ്ടാകും. പാർക്കിംഗ് സൗകര്യം ക്രമീകരിക്കും.

" ഹൈടെക് മാർക്കറ്റ് ഉടനെ യാഥാർത്ഥ്യമാക്കും. നിലവിലുള്ള ചന്തയുടെ പ്രവർത്തനം മറ്റൊരിടത്തേക്ക് ഉടൻ മാറ്റും. തുടർന്ന് ചന്തയുടെ ഭൂമി നിരപ്പാക്കി നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും. അത്യാധുനിക സംവിധാനങ്ങളോടെ ചന്ത പ്രവർത്തിപ്പിക്കും. സെക്യൂരിറ്റി ഉദ്യോഗസ്ഥർ, കാമറാ സംവിധാനം തുടങ്ങി മതിയായ സുരക്ഷാ സംവിധാനങ്ങളുമൊരുക്കും."

എ.ഷാജു, നഗരസഭ ചെയർമാൻ.