 
പടിഞ്ഞാറേകല്ലട: എഴുപത്തിയഞ്ചാം വയസിൽ പടിഞ്ഞാറേക്കല്ലട കണത്താർ കുന്നം പാട്ടുപുര വടക്കതിൽ വീട്ടിൽ അബ്ദുൾ റഹ്മാൻ തൂമ്പയെടുത്തതോടെ കാരാളിമുക്കിലെ പ്രധാന റോഡുകളും പരിസരവും ക്ളീനായി. കാരാളിമുക്കിൽ നിന്ന് ശാസ്താംകോട്ട, കടപുഴ ഭാഗത്തേയ്ക്കുള്ള റോഡിന്റെ കാടുപിടിച്ചു കിടന്ന വശങ്ങളാണ് അബ്ദുൾ റഹ്മാൻ ഒറ്റയ്ക്ക് വെട്ടി വൃത്തിയാക്കി കൊണ്ടിരിക്കുന്നത്.
37 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ വീട്ടിൽ തിരിച്ചെത്തിയപ്പോൾ തോന്നിയ ഒരു ആശയമായിരുന്നു ഇത്. വീടിന് സമീപത്തെ കാടുപിടിച്ച് കിടക്കുന്ന റോഡും പരിസരവും അദ്ദേഹത്തിന്റെ മനസിനെ വല്ലാതെ വേദനിപ്പിച്ചു. ഒരു മാസം മുമ്പാണ് ഈ വൃത്തിയാക്കൽ ജോലി ആരംഭിച്ചത്. നല്ല പ്രവർത്തികൾ ചെയ്താൽ പരലോകത്ത് പുണ്യം കിട്ടും എന്നാണ് അബ്ദുൾ റഹ്മാന് ഇതിനെക്കുറിച്ച് പറയാനുള്ളത്. ദിവസവും രാവിലെ പള്ളിയിൽ പോയി പ്രാർത്ഥിച്ച ശേഷമാണ് ജോലി തുടങ്ങാറ്.സൗദി അറേബ്യയിലുണ്ടായിരുന്നപ്പോഴും ഇത് ചെയ്യുമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. യാതൊരു പ്രതിഫലവും ഇച്ഛിക്കാതെയാണ് ഈ വൃത്തിയാക്കൽ പ്രവർത്തിചെയ്യുന്നതെന്നും
ആരോഗ്യം അനുവദിക്കും കാലം സ്വന്തമായി ജോലി ചെയ്ത് ജീവിക്കണമെന്നും മരണംവരെ മറ്റുള്ളവരെ ആശ്രയിക്കാതെ അധ്വാനിച്ച് കഴിയണമെന്നതുമാണ് ആഗ്രഹമെന്ന് അബ്ദുൾ റഹ്മാൻ പറയുന്നു. ഭാര്യ ജമീല ബീവിയും വിവാഹിതരായ നാല് പെൺമക്കളും രണ്ട് ആൺമക്കളും ചെറുമക്കളുമടക്കം
35 അംഗം കുടുംബമാണ് അബ്ദുൾറഹ്മാന്റേത്.