t
ജൂലായ് മൂന്നിന് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത

കൊല്ലം: റെയിൽവേയുടെ ഈ സാമ്പത്തിക വർഷത്തെ നിർമ്മാണ പദ്ധതികൾ അടങ്ങുന്ന ഗ്രീൻബുക്കിൽ പരവൂർ ഒല്ലാൽ ഓവർബ്രിഡ്ജ് ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ ഉടൻ റെയിൽവേയെ സമീപിക്കും. ഇതിന് മുന്നോടിയായി നിർവഹണ ഏജൻസിയായ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകി.

റെയിൽവേ ഉപേക്ഷിച്ചതോടെ ത്രിശങ്കുവിലായ ഒല്ലാൽ ഓവർബ്രിഡ്ജ് നിർമ്മാണത്തിനായി സംസ്ഥാന സർക്കാർ ഇടപെടാത്തത് ചൂണ്ടിക്കാട്ടിയുള്ള 'കേരളകൗമുദി' വാർത്തയെ തുടർന്നാണ് പൊതുമരാമത്ത് വകുപ്പും ആർ.ബി.ഡി.സി.കെയും രംഗത്തെത്തിയത്. ഒല്ലാൽ ആർ.ഒ.ബി നിർമ്മിക്കാൻ സംസ്ഥാന സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി പണം അനുവദിച്ചെങ്കിലും റെയിൽവേയുടെ ഗ്രീൻബുക്കിൽ ഇടംപിടിക്കാതിരുന്നതിനാൽ പദ്ധതി പ്രതിസന്ധിയിലാവുകയായിരുന്നു. 2007ലെ റെയിൽവേ ബഡ്ജറ്റിൽ ഇത് ഉൾപ്പെട്ടിരുന്നെങ്കിലും തുടർ നടപടികളുണ്ടായില്ല. ഇവിടെ ഗതാഗത പ്രതിസന്ധി രൂക്ഷമായതോടെ 2015ൽ സംസ്ഥാന സർക്കാർ ഇടപെടൽ ആരംഭിച്ചു. 2018 ആദ്യം ആർ.ഒ.ബി നിർമ്മാണത്തിന് തത്വത്തിൽ അനുമതി നൽകി. നിർവഹണ ഏജൻസിയായി ആർ.ബി.ഡി.സി.കെയെ നിശ്ചയിച്ചു. സ്ഥലമേറ്റെടുക്കൽ നടപടികളിലേക്ക് കടക്കുന്നതിന് മുന്നോടിയായി റെയിൽ പാതയ്ക്ക് മുകളിലുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ രൂപരേഖ റെയിൽവേയ്ക്ക് സമർപ്പിച്ചു. എന്നാൽ ഇവിടത്തെ ആർ.ഒ.ബി നിർമ്മാണം തങ്ങളുടെ പദ്ധതിയിൽ ഇതുവരെ ഉൾപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ് റെയിൽവേ മുഖംതിരിച്ചു. പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആർ.ബി.ഡി.സി.കെ റെയിൽവേയ്ക്ക് കത്ത് നൽകി. എന്നാൽ 2022- 23 വർഷം നടപടികൾ ആരംഭിക്കുന്ന പദ്ധതികളുടെ ഗ്രീൻബുക്കിലും റെയിൽവേ ഒല്ലാൽ ആർ.ഒ.ബി ഉൾപ്പെടുത്തിയില്ല. റെയിൽവേയുടെ അംഗീകാരം കിട്ടിയാലെ ആർ.ബി.ഡി.സി.കെയ്ക്ക് തുടർനടപടികൾ സ്വീകരിക്കാനാകു.

 നാടിന്റെ ആവശ്യം

പൊഴിക്കര, തെക്കുംഭാഗം, കാപ്പിൽ, ഇടവ എന്നിവിടങ്ങളിലുള്ളവർക്ക് ഒല്ലാൽ ഓവർ ബ്രിഡ്ജ് വന്നാൽ പാരിപ്പള്ളിയിലേക്കും തിരിച്ചും വേഗത്തിലെത്താം. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റെയിൽവേ ഗേറ്റ് പലപ്പോഴും 20 മിനിട്ടോളമാണ് അടച്ചിടുന്നത്. പാരിപ്പള്ളി മെഡി. ആശുപത്രിയിലേക്ക് ഗുരുതരാവസ്ഥയിൽ കൊണ്ടുപോവുന്ന രോഗികൾ പരവൂർ റെയിൽവേ ഗേറ്റിൽ കുടുങ്ങിക്കിടന്ന് മരണമടയുന്ന അവസ്ഥയുമുണ്ട്. പരവൂരിന്റെ വികസനത്തിനും ഓവർബ്രിഡ്ജ് ഏറെ ഗുണം ചെയ്യും.

.................................

₹ 36.75 കോടി: കിഫ്ബി അനുവദിച്ചത്

513.04 മീറ്റർ: ആർ.ഒ.ബി നീളം

10.20 മീറ്റർ: വീതി