പരവൂർ: കേരളകൗമുദിയും എക്സൈസ് വകുപ്പും സംയുക്തമായി കോട്ടപ്പുറം ഹൈസ്കൂളിൽ സംഘടിപ്പിച്ച 'ബോധപൗർണമി' ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ നഗരസഭ ചെയർമാൻ എ.സഫർകയാൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി വില്പന വർദ്ധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ശരിതെറ്റുകൾ തിരിച്ചറിയാൻ കഴിയാത്ത കുട്ടികളെ ലഹരി മാഫിയ കെണിയിൽ വീഴ്ത്തുകയാണ്. ഇത്തരം സംഘങ്ങൾക്കെതിരെ കരുതലോടെ കാവൽ നിൽക്കേണ്ട കാലമാണിത്. തങ്ങളുടെ മക്കൾ വഴിതെറ്റില്ലെന്ന മാതാപിതാക്കളുടെ അമിതമായ ആത്മവിശ്വാസം പലപ്പോഴും തകർന്നു വീഴുന്ന കാഴ്ചകളാണ് കാണുന്നത്. ലഹരി വിപണനത്തിന്റെ ഹൈപ്പർ മാർക്കറ്റുകളായി കാമ്പസുകൾ മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
പി.ടി.എ പ്രസിഡന്റ് ആർ. സതീശൻ അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ ജി. ശ്രീകുമാർ ക്ളാസെടുത്തു. പ്രേം ഫാഷൻ ജ്യുവലേഴ്സ് ഉടമ ബി. പ്രേമാനന്ദ്, പരവൂർ സജീബ്, പരവൂർ മോഹൻദാസ് എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മിസസ്ട്രസ് സി.എസ്. അനിത സ്വാഗതവും കേരളകൗമുദി പരവൂർ ലേഖകൻ ടി.പി. ചന്ദ്രശേഖരൻ നായർ നന്ദിയും പറഞ്ഞു.