കൊല്ലം: സ്വാമി ശാശ്വതികാനന്ദയുടെ ഇരുപതാം സമാധി ദിനമായ ജൂലായ് 1ന് ഗുരുധർമ്മ പ്രചാരണ സംഘത്തിന്റെ നേതൃത്വത്തിൽ മതാതീത ആത്മീയ ദിനമായി ആചരിക്കും. ഇതോടനുബന്ധിച്ച് അനുസ്മരണ പ്രാർത്ഥനാ സംഗമവും മതാതീത ആത്മീയ ജാഥയും നടത്തും.

പുത്തൂർ ചിറ്റാകോട് രാവിലെ 9ന് നടക്കുന്ന പ്രാർത്ഥനാ സംഗമം സംഘം ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ ഉദ്ഘാടനം ചെയ്യും. വനിതാ വിഭാഗം കൺവീനർ ശാന്തിനി.എസ്.കുമാരൻ അദ്ധ്യക്ഷനാക്കും. ക്ലാപ്പന സുരേഷ് പ്രാർത്ഥന നയിക്കും. 10ന് സ്വാമി ശാശ്വതീകാനന്ദയുടെ ഇരുപതാം സമാധിദിന സമ്മേളനം മുൻ എം.എൽ.എ പി.ഐഷാ പോറ്റി ഉദ്ഘാടനം ചെയ്യും. സംഘം ചെയർമാൻ എഴുകോൺ രാജ്മോഹൻ അദ്ധ്യക്ഷനാകും.

ശിവഗിരിയിലേക്കുള്ള മതാതീത ആത്മീയ ജാഥ ഡി.സി.സി ജനറൽ സെക്രട്ടറി പി.ഹരികുമാർ,​ ജാഥാ ക്യാപ്ടൻ എസ്.ശാന്തിനിക്ക് പീത പതാക നൽകി ഉദ്ഘാടനം ചെയ്യും. പാത്തല രാഘവൻ മുഖ്യ അനുസ്മരണം നടത്തും. സെക്രട്ടറി ബി.സ്വാമിനാഥൻ, ഓടനാവട്ടം ഹരീന്ദ്രൻ, കരീപ്ര സോമൻ, പുതുകാട്ടിൽ വിജയൻ, ഉദയഗിരി രാധാകൃഷ്ണൻ, ഉമാദേവി, രതി സുരേഷ്, ഇടമൺ ലതിക രാജൻ, തൊടിയൂർ സുലോചന എന്നിവർ സംസാരിക്കും.
മതാതീത ആത്മീയ ജാഥയെ വൈകിട്ട് 3ന് ശിവഗിരി കവാടത്തിൽ സ്വാമി ധർമ്മാനന്ദ, മജീഷ്യൻ വർക്കല മോഹൻദാസ് എന്നിവർ ചേർന്ന് സ്വീകരിക്കും. തുടർന്ന് സ്വാമി ശാശ്വതികാനന്ദയുടെ സമാധിയിൽ പ്രാർത്ഥനാ സംഗമവും പുഷ്പാർച്ചനയും നടക്കും.