
കൊല്ലം: ആവശ്യത്തിന് വാഹനം ഇല്ലാത്തതിനാൽ എക്സൈസിന്റെ ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റുന്നു. എഴുകോൺ, ചടയമംഗലം, ചാത്തന്നൂർ എക്സൈസ് റേഞ്ച് ഓഫീസുകളിലാണ് വാഹനം ഇല്ലാതെ ജീവനക്കാർ നെട്ടോട്ടമോടുന്നത്.
ജില്ലയിൽ ലഹരി വസ്തുക്കൾ വ്യാപകമാവുകയും നിരന്തരം റെയ്ഡുകൾ വേണ്ടിവരികയും ചെയ്യുമ്പോഴാണ് വാഹനമില്ലാതെ എക്സൈസ് അധികൃതർ ബുദ്ധിമുട്ടുന്നത്. ഇന്നലെ നടന്ന ചാരായ നിരോധന ജനകീയ കമ്മിറ്റി യോഗത്തിൽ ഉദ്യോഗസ്ഥർ തന്നെയാണ് വാഹനം ഇല്ലാത്ത കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്.
ചാത്തന്നൂർ, എഴുകോൺ റോഞ്ചുകളിൽ വാഹനം കണ്ടം ചെയ്തു. പുതിയ വാഹനത്തിനായി കാത്തിരിക്കുകയാണ്. ചടയമംഗലത്തെ വാഹനം വർക്ക് ഷോപ്പിലാണ്. അത്യാവശ്യ കാര്യങ്ങൾക്ക് മറ്റ് റേഞ്ചുകളിലെ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ നിർമ്മൽ കുമാർ അദ്ധ്യക്ഷനായി. മുഖത്തല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ് പേരൂർ സജീവ്, ഏബ്രഹാം ശമുവേൽ, കുരീപ്പുഴ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.
സ്കൂളുകൾ കേന്ദ്രീകരിച്ച് ബോധവത്കരണം ശക്തമാക്കും. കൊട്ടാരക്കരയിലും കരുനാഗപ്പള്ളിയിലും ഡി അഡിക്ഷൻ സെന്ററുകൾ ആരംഭിക്കും.
ബി. സുരേഷ്
എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ