കൊല്ലം: പ്രതിരോധ കുത്തിവയ്പ്പിനെ തുടർന്ന് കടുത്ത അണുബാധയുണ്ടായി പത്ത് വയസുകാരിയുടെ കൈയിൽ ശസ്ത്രക്രിയ നടത്തേണ്ടിവന്ന സംഭവത്തിൽ നീതി നിഷേധിക്കപ്പെടുന്നതായി മാതാപിതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജൂൺ 7ന് നെടുമ്പന പഞ്ചായത്തിലെ പള്ളിമൺ വട്ടവിള പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പത്ത് വയസിലുള്ള പ്രതിരോധ കുത്തിവയ്പ്പെടുത്ത പള്ളിമൺ തെക്കുംഭാഗം തുമ്പറ പണയിൽ ആഷിക്കാ മൻസിലിൽ അമീർഖാൻ - സുൽഫത്ത് ദമ്പതികളുടെ മകൾ ആഷിക്കയ്ക്കാണ് അണുബാധയേറ്റത്. ഇടതുകൈയിൽ തടിപ്പും നീരും വേദനയുമായി. തുടർന്ന് ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ മെഡിക്കൽ കോളേജിൽ എത്തിച്ച് അടിയന്തര ചികിത്സ നൽകിയില്ലെങ്കിൽ കൈ മുറിച്ചുമാറ്റേണ്ടിവരുമെന്ന് അറിയിച്ചു. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായ കുട്ടി 17 ദിവസത്തോളം ആശുപത്രിയിൽ കഴിയേണ്ടിവന്നു.
ഒരു ലക്ഷത്തിലധികം രൂപയുടെ ആശുപത്രി ബിൽ കുടുംബത്തിന് താങ്ങാനാകാത്തതാണെന്നും അടിയന്തരമായി നടപടിയുണ്ടായില്ലെങ്കിൽ സമരത്തിലേക്ക് പോകുമെന്നും ആക്ഷൻ കൗൺസിൽ കൺവീനറായ ഫൈസൽ കുളപ്പാടം പറഞ്ഞു. ബി.ജെ.പി നേതാവ് സുരേഷ് ബാബുവും പങ്കെടുത്തു.