
കൊല്ലം: റൂറൽ മേഖലയിൽ വ്യാജ ലോൺ ആപ്പുമായി ബന്ധപ്പെട്ട പരാതികൾ വ്യാപകം. സൈബർ പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ഒരു മാസമായി ലഭിച്ച പരാതികളിൽ അധികവും ഓൺലൈൻ ലോൺ ആപ്പുമായി ബന്ധപ്പെട്ടുള്ളത്. ആർ.ബി.ഐ അംഗീകാരമില്ലാത്ത വ്യാജ ലോൺ ആപ്പുകൾ സൃഷ്ടിക്കുകയും ആകർഷകമായ വായ്പ തിരിച്ചടവ് നിബന്ധനകൾ സോഷ്യൽ മീഡയവഴി പരസ്യപ്പെടുത്തി ആളുകളെ കുടുക്കുന്നതാണ് രീതി. പരസ്യം കണ്ട് ഫോണിൽ ലോൺ ആപ് ഡൗൺലോഡ് ചെയ്ത് ലോണെടുത്താൽ ഉടൻതന്നെ ടെക്സ്റ്റ് സന്ദേശങ്ങളും ഫോൺ കോളുകളുമെത്തും. ലോൺ എടുത്തവരിൽ നിന്ന് കൈക്കലാക്കിയ വിവരങ്ങൾ ഉപയോഗിച്ച് ശല്യപ്പെടുത്തുകയും വേഗത്തിൽ തിരിച്ചടയ്ക്കുന്നതിന് ഭീഷണിപ്പെടുന്നതുമടക്കമുള്ള പരാതികൾ പൊലീസിന് ലഭിക്കുന്നുണ്ട്. ആദ്യം സമ്മതിച്ചതിനേക്കാൾ ഉയർന്ന പലിശ സഹിതം തുക തിരിച്ചടയ്ക്കേണ്ടി വരുന്നു. നിരന്തര ഭീഷണിയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നമ്പർ ശേഖരിച്ച് അവരിലേക്ക് വിവരം കൈമാറുന്നതുമടക്കമുള്ള സംഭവങ്ങളുമുണ്ട്. വായ്പ ലഭിക്കുന്നതിന് മുമ്പായി പ്രോസസിംഗ് ഫീസ് എന്ന നിലയിൽ പണം മുൻകൂർ വാങ്ങുന്ന ആപ്പുകളുണ്ട്. അത് തട്ടിപ്പാണെന്ന് ഉറപ്പാണ്. സ്ത്രീകളും സാധാരണക്കാരുമാണ് കൂടുതലും തട്ടിപ്പിന് ഇരയാകുന്നത്.
ആപ്പിൽ വീഴരുത്
 സുരക്ഷിതമായ ഉറവിടത്തിൽ നിന്നാണെന്ന് തിരിച്ചറിയുന്നില്ലെങ്കിൽ ലോൺ ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്. ലോൺ ആപ്പ് ആർ.ബി.ഐ അംഗീകരിച്ച ബാങ്കിന്റെ പിന്തുണയുള്ളതോ എൻ.ബി.എഫ്.സി ആയി രജിസ്റ്റർ ചെയ്തതാണോയെന്ന് പരിശോധിക്കുക.
 സോഷ്യൽ മീഡിയകളിൽ കാണുന്ന ആകർഷകമായ വായ്പ തിരിച്ചടവ് പരസ്യങ്ങളിൽ വീഴരുത്. ലോൺ വേണമെങ്കിൽ ബാങ്കിനെയോ നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കോർപ്പറേഷനെയോ സമീപിക്കുക.
 ലോൺ പ്രോസസിംഗിന് തുക മുൻകൂട്ടി അടയ്ക്കാൻ ആവശ്യപ്പെട്ടാൽ തട്ടിപ്പാണെന്ന് ഉറപ്പിക്കാം.
 കോൺടാക്ട് വിവരങ്ങൾ, ലൊക്കേഷൻ, ഫോട്ടോ എന്നിവ ആപ്പുകൾ വഴി നൽകരുത്.