തൊടിയൂർ: കരുനാഗപ്പള്ളി കേരള ഫീഡ്സ് ഫാക്ടറിയിലെ ജീവനക്കാരുടെ എഗ്രിമെന്റ് പുതുക്കൽ, ആശ്രിത നിയമനം, മിനിമം വേതനം ഉറപ്പാക്കൽ തുടങ്ങിയ ന്യായമായ ആവശ്യങ്ങൾ സംബന്ധിച്ച് സി.ആർ മഹേഷ് എംഎൽഎ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചു. കരുനാഗപ്പള്ളി കല്ലേലി ഭാഗത്ത് 2009 മുതൽ പ്രവർത്തിച്ചു വരുന്ന ഫാക്ടറിക്ക് വേണ്ടി 49 കുടുംബങ്ങൾഭൂമി വിട്ടു നൽകി. ഭുമി വിട്ടു നൽകുന്ന കുടുംബങ്ങൾക്ക് ജോലി എന്ന ഉറപ്പിന്മേലാണ് ഭൂമി വിട്ടു നൽകിയത്. എന്നാൽ, ജോലി ലഭിച്ചവരെ ഇതുവരെ സ്ഥിരപ്പെടുത്തിയിട്ടില്ല. ഈ കാരണത്താൽ
പൊതുമേഖല സ്ഥാപനങ്ങളിലെ ആനുകൂല്യങ്ങൾ ഇവർക്ക് ലഭിക്കുന്നില്ല.ഫാക്ടറിയുടെ നിർമ്മാണ ഘട്ടം മുതൽ ജോലി ചെയ്തുവന്ന 115 പേരെ ലോഡിംഗ് ആൻഡ് അൺലോഡിംഗ് തൊഴിലാളികളായി നിയമിച്ചെങ്കിലും ഇവരിൽ ഒരാളെപ്പോലും സ്ഥിരപ്പെടുത്തിയിട്ടില്ല. മിനിമം ശമ്പളം, ശതമാനാടിസ്ഥാനത്തിൽ ബോണസ്,
ചികിത്സാസൗകര്യം, ലീവ് ആനുകൂല്യങ്ങൾ, ഐഡൻ്റിറ്റികാർഡ്,
എഗ്രിമെന്റ് പുതുക്കൽ എന്നീ കാര്യങ്ങൾ ആലോചിക്കാൻ വകുപ്പ് മന്ത്രി ഇടപെട്ട് മാനേജ്മെന്റിനെക്കൊണ്ട് യോഗം വിളിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.