ചവറ: മുൻ പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ് ആക്രമണം നടത്തിയ സംഘത്തിലെ ഒരാൾ അറസ്റ്റിലായി. തഴവ കുതിരപ്പന്തി കളരിക്കൽ വീട്ടിൽ രാജീവാണ് (23) പിടിയിലായത്.
തേവലക്കര അരിനല്ലൂർ മുൻ പഞ്ചായത്ത് അംഗവും സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗവുമായ ബിജി പീറ്ററിന്റെ വീടിന് നേരയാണ് ആക്രമണം ഉണ്ടായത്. മേയ് 8ന് പുലർച്ചെ നാലോടെയാണ് ആക്രമണം നടന്നത്. ജന്നൽ അടിച്ചുതകർക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് ബഹളം വച്ചപ്പോഴേക്കും സ്‌ഫോടകവസ്തു വീട്ടിലേക്ക് എറിഞ്ഞ ശേഷം അക്രമികൾ രക്ഷപ്പെട്ടു.
സ്‌ഫോടകവസ്തു എറിയുന്നതിന്റെ തലേ ദിവസം പുലർച്ചെയും ഈ വീടിന്റെ ജന്നൽ ചില്ലുകൾ അടിച്ചു തകർത്തിരുന്നു. ബിജി പീറ്ററും ഭർത്താവ് പീറ്ററും മാത്രമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. സംഭവത്തിൽ മറ്റൊരാൾ കൂടി തെക്കുംഭാഗം പൊലീസിന്റെ കസ്റ്റഡിയിലുള്ളതായും സൂചനയുണ്ട്. ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇതിൽ രണ്ടുപേർ കഴിഞ്ഞ ദിവസങ്ങളിൽ പിടിയിലായിരുന്നു. മറ്റുള്ള പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ബിജി പീറ്ററിന്റെ ബന്ധുവും അക്രമി സംഘവും തമ്മിൽ നേരത്തെ ഉത്സവ സ്ഥലത്ത് വച്ച് തർക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. രാജീവിനെ റിമാൻഡ് ചെയ്തു.