school-bus

തൃശൂർ: ഒന്നാം ക്‌ളാസുകാരൻ വീട്ടിലേക്ക് പോകാനുള്ള സ്‌കൂൾ വാൻ മാറിക്കയറിയത്, രക്ഷിതാക്കളെയും അദ്ധ്യാപകരെയും ഒന്നരമണിക്കൂർ മുൾമുനയിൽ നിറുത്തി. ഒടുവിൽ പൊലീസെത്തി കുട്ടിയെ കണ്ടെത്തി. തൃശൂർ നഗരത്തിലെ സെയ്ന്റ് ക്ലയേഴ്‌സ് കോൺവെന്റ് എൽ.പി സ്‌കൂളിലാണ് സംഭവം.

വെളുത്ത വാനിലാണ് കുട്ടി കൂട്ടി സ്‌കൂളിലെത്തിയത്. 12.30ന് സ്‌കൂൾ വിട്ടപ്പോൾ വെളുത്ത മറ്റൊരു വാനിൽ കുട്ടി കയറുകയായിരുന്നു. രക്ഷിതാക്കളും സ്‌കൂളിൽ എത്തിയിരുന്നു. അവർ കുട്ടിയെ ക്ലാസിൽ നിന്നിറക്കി വാനിൽ ഒപ്പം വരുന്ന മുതിർന്ന കുട്ടികളെ ഏൽപ്പിച്ചു. അവരുടെ പിടി വിട്ടാണ് മറ്റൊരു വാനിൽ കയറിയത്. ഡ്രൈവറും ശ്രദ്ധിച്ചില്ല.

അച്ഛനും അമ്മയും മൂത്തമകനെ വാനിൽ കയറ്റി വന്നപ്പോൾ ഏൽപ്പിച്ച കുട്ടികളുടെ അടുത്ത് മകനെ കണ്ടില്ല. അവൻ കൈ വെട്ടിച്ച് ഓടി വാനിൽ കയറിപ്പോയെന്ന് കുട്ടികൾ പറഞ്ഞു. ഉടൻ പൊലീസിൽ അറിയിച്ചു.
പൊലീസിന്റെ നിർദ്ദേശപ്രകാരം എല്ലാ സ്കൂൾ വാനുകളുടെയും ഡ്രൈവർമാർക്ക് കുട്ടിയുടെ ഫോട്ടോ വാട്‌സാപ്പിൽ അയച്ചു. ഓട്ടത്തിലായിരുന്ന വാനുകൾ നിറുത്തി പരിശോധിച്ചപ്പോൾ വെള്ളാനിക്കരയ്‌ക്ക് പോകേണ്ട കുട്ടി മുളയം ഭാഗത്തേക്കുള്ള വാനിലുണ്ടെന്ന് കണ്ടെത്തി. പൊലീസ് അച്ഛനെയും കൂട്ടി വാൻ നിറുത്തിയ സ്ഥലത്തേക്ക് പാഞ്ഞു. കുട്ടിയെ ഏറ്റുവാങ്ങി പൊലീസ് ജീപ്പിൽ സ്‌കൂളിൽ എത്തിച്ചപ്പോഴാണ് എല്ലാവർക്കും ശ്വാസം വീണത്. സ്‌കൂൾ വാഹനങ്ങളിൽ കുട്ടികളെ കയറ്റാനും ഇറക്കാനും ജാഗ്രതയില്ലെങ്കിൽ അപകടമാകുമെന്ന സന്ദേശം നൽകിയാണ് പൊലീസ് മടങ്ങിയത്.