1

വടക്കാഞ്ചേരി: കേരളത്തിൽ പുതുതായി അനുവദിച്ച ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതികളുടെ പട്ടികയിൽ വടക്കാഞ്ചേരി അതിവേഗ പോക്‌സോ കോടതി അനുവദിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയതായി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അറിയിച്ചു. ബലാത്സംഗ കേസുകളും പോക്‌സോ നിയമപ്രകാരമുള്ള കേസുകളും അതിവേഗം തീർപ്പ് കൽപ്പിക്കുന്നതിനുള്ള സ്‌പെഷൽ കോടതിയാണ് ആരംഭിക്കുന്നത്. ഒന്നര നൂറ്റാണ്ട് പഴക്കമുള്ള വടക്കാഞ്ചേരി കോടതിയിൽ സബ് കോടതിയും എം.എ.സി.ടി കോടതിയും പോക്‌സോ കോടതിയും കുടുംബ കോടതിയും അനുവദിക്കണമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ സബ്മിഷൻ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിക്ക് നിവേദനവും നൽകി. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ ശക്തമായ നീതി നിർവഹണം കാലതാമസം കൂടാതെ നടപ്പാക്കുന്നതിനായുള്ള എൽ.ഡി.എഫ് സർക്കാരിന്റെ പരിശ്രമങ്ങളെ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അഭിനന്ദിച്ചു.