school

ചാലക്കുടി ഗവ. ഗേൾസ് സ്‌കൂൾ കവാടം.

ചാലക്കുടി: ഗവ.ബോയ്‌സ് സ്‌കൂളിന്റെ ആൺക്കോയ്മ തകർത്ത് പെൺകുട്ടികൾ പ്രവേശനത്തിനെത്തിയപ്പോൾ സർക്കാരിന്റെ മറ്റൊരു ഉത്തരവിലൂടെ ചാലക്കുടിയിലെ പ്രശസ്തമായ പെൺപള്ളിക്കൂടത്തിൽ പഠിക്കാൻ ആൺകുട്ടികൾക്കും അനുമതിയായി. ഗവ. ഗേൾസ് സ്‌കൂളിൽ ലിംഗ ഭേദമില്ലാതെ പ്രവേശനത്തിന് അനുമതി നൽകുന്ന ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ഉത്തരവ് കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. വർഷങ്ങളായി പി.ടി.എ ഉന്നയിക്കുന്ന ആവശ്യമാണ് അംഗീകരിക്കപ്പെട്ടത്. നഗരസഭാ കൗൺസിലും ഇതിനായി പ്രമേയം പാസാക്കിയിരുന്നു. കൗൺസിലർ വി.ജെ. ജോജിയും പ്രത്യേക ശ്രമങ്ങൾ നടത്തി.
പുരാതകാലത്ത്് ഇവിടെയായിരുന്നു ചാലക്കുടിപ്പള്ളി സ്ഥിതി ചെയ്തിരുന്നത്. അക്കാലത്ത് പള്ളിക്കമ്മിറ്റി നിർമ്മിച്ചതാണ് വിദ്യാലയം. പതിറ്റാണ്ടുകൾക്ക് ശേഷം അത് സർക്കാരിന് കൈമാറുകയും ഇപ്പോൾ സ്ഥിതി ചെയ്യുന്നിടത്തേയ്ക്ക് പള്ളി മാറ്റുകയും ചെയ്തു. അതോടൊപ്പം സ്‌കൂളിലെ പഠനം പെൺകുട്ടികൾക്ക് മാത്രമാക്കി. അങ്ങനെ അത് പെൺപള്ളിക്കൂടമായി അറിയപ്പെട്ടു. 1950 കാലഘട്ടത്തിൽ ആൺകുട്ടികൾക്ക് കൂടി ലഭിച്ച പഠനാനുമതി പിന്നീട് പിൻവലിക്കപ്പെട്ടത് 1983 ലും. വീണ്ടും ഒരിക്കൽകൂടി ആൺകുട്ടികൾ കടന്നുവരുമ്പോൾ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങളിൽ കാതലായ മാറ്റങ്ങളും സംഭവിച്ചു. അത്യാധുനിക സംവിധാനങ്ങളോടെ മൂന്നു സയൻസ് ക്ലാസുകൾ രണ്ടു ദിവസം മുമ്പാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. അധികം വൈകാതെ ഇവിടെ പാർക്ക് അടക്കമുള്ള വികസന പ്രവർത്തനങ്ങൾ വരുകയാണ്. പ്ലസ് ടുവിന്റെ അംഗീകാരത്തിനും പുതിയ ബ്ലോക്കിന്റെ അനുമതിക്കുമായി പി.ടി.എയും നഗരസഭയും അണിയറയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്.