medi
മെഡിക്കൽ കോളേജിലെ പ്രതിസന്ധി സംബന്ധിച്ച് കഴിഞ്ഞ ദിവസം കേരള കൗമുദി പ്രസിദ്ധികരിച്ച വാർത്ത

തൃശൂർ: ഗവ. മെഡിക്കൽ കോളേജിലെ സർജറി വിഭാഗത്തിൽ പ്രൊഫസർ തസ്തിക ഇല്ലാതാക്കി. സർജറി വിഭാഗം പ്രൊഫസറായിരുന്ന ഡോ. അനിൽ കുമാറിനെ തസ്തിക അടക്കം തിരുവനന്തപുരത്തേക്ക് മാറ്റിയതോടെ പ്രതിസന്ധി രൂക്ഷമാകും.

അസോസിയേറ്റ് പ്രൊഫസർമാരുടെ നിയമനമെങ്കിലും അടുത്ത ദിവസങ്ങളിൽ നടന്നില്ലെങ്കിൽ ദുരിതം വർദ്ധിക്കും. കഴിഞ്ഞ ദിവസം ഗ്യാസ്‌ട്രോ വിഭാഗം മേധാവിയായിരുന്ന ഡോ. സജി സെബാസ്റ്റ്യനെ കോട്ടയം മെഡിക്കൽ കോളേജിൽ പുതിയ തസ്തിക സൃഷ്ടിച്ച് സ്ഥലം മാറ്റിയതിനു പിന്നെയാണ് വീണ്ടും സ്ഥലം മാറ്റം.

ജനറൽ സർജറി വിഭാഗം ഇതോടെ തകിടം മറിയുമെന്നാണ് ആശങ്ക. വയർ സംബന്ധമായ എല്ലാ അസുഖങ്ങളുടെയും ശാസ്ത്രക്രിയ നടക്കുന്ന വിഭാഗം കൂടിയാണിത്. ഏറ്റവും കൂടുതൽ സാധാരണക്കാർ ചികിത്സ തേടിയെത്തുന്നിടത്ത് കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്ന ആവശ്യം നിലനിൽക്കുമ്പോഴാണ് വെട്ടികുറക്കൽ.

2012 ലാണ് ഇവിടെ പ്രൊഫസർ തസ്തിക സൃഷ്ടിച്ചത്. ഇതാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. നേരത്തെ കാർഡിയോളജി വിഭാഗത്തിലും പാത്തോളജി വിഭാഗത്തിലും ഉണ്ടായിരുന്ന തസ്തികകൾ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. ഈ തസ്തികകൾ ഇതുവരെയും പുനഃസ്ഥാപിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം മെഡിസിൻ വിഭാഗത്തിൽ നാലുപേരെ മാറ്റിയിരുന്നു. ഇതോടെ നേരത്തെ ഉണ്ടായിരുന്ന ഒഴിവ് അടക്കം ആറുപേരുടെ കുറവാണ് നിലനിൽക്കുന്നത്. മെഡിക്കൽ കോളേജിനോട് ആരോഗ്യ വകുപ്പ് കാണിക്കുന്ന അവഗണനയ്ക്കെതിരെ വ്യാപക എതിർപ്പ് ഉയരുന്നുണ്ട്.