വെള്ളാങ്ങല്ലൂർ: പഞ്ചായത്തിൽ ഭരണ സ്തംഭനമെന്ന് കോൺഗ്രസ് ആരോപണം. സി.പി.എം - സി.പി.ഐ തർക്കവും പഞ്ചായത്ത് പ്രസിഡന്റും ജീവനക്കാരും തമ്മിലുള്ള ശീതസമരവുമാണ് കാരണമായി കോൺഗ്രസ് ഉയർത്തിക്കാണിക്കുന്നത്. കഴിഞ്ഞ പതിനെട്ടു വർഷമായി താത്കാലിക ജീവനക്കാരനായി ജോലി ചെയ്യുന്ന ഡ്രൈവറെ പുറത്താക്കാൻ പഞ്ചായത്ത് പ്രസിഡന്റ് കഴിഞ്ഞ ദിവസം അടിയന്തിര മീറ്റിംഗ് വിളിക്കുകയും പ്രതിപക്ഷം എതിർക്കുകയും ചെയ്തിരുന്നു. പ്രസ്തുത ജീവനക്കാരൻ ജോലി സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് ഹൈക്കോടതിയിൽ കേസ് കൊടുത്തിരിക്കുന്നതിനാൽ പഞ്ചായത്ത് പ്രസിഡന്റിന്റെ ആവശ്യം സെക്രട്ടറി അംഗീകരിച്ചില്ല. കഴിഞ്ഞ ആഴ്ചയിൽ വിരമിച്ച പഴയ സെക്രട്ടറിയുടെ യാത്രഅയപ്പ് പരിപാടി പഞ്ചായത്ത് പ്രസിഡന്റും സി.പി.എം മെമ്പർമാരും ബഹിഷ്‌കരിക്കുകയും അദ്ദേഹത്തെ അവഹേളിക്കുകയും ചെയ്തതായി കോൺഗ്രസ് ആരോപിച്ചു.
പഞ്ചായത്തിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നൽകിയ പരാതിയിൽ ഓംബുഡ്‌സ്മാന്റെ വിചാരണ നേരിടുന്ന പ്രസിഡന്റും ക്ലർക്കും ഈ വിഷയം ജീവനക്കാരുടെ തലയിൽ കെട്ടിവയ്ക്കാൻ നോക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തി കേസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും കോൺഗ്രസ് പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാട് തിരുത്താൻ സി.പി.എം നേതൃത്വം തയ്യാറായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുവരുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അയൂബ് കരുപ്പടന്ന പറഞ്ഞു.