thrithaloor-up-school
തൃത്തല്ലൂർ യു.പി സ്‌കൂളിൽ സംഘടിപ്പിച്ച പ്രവേശനോത്സവം.

വാടാനപ്പിള്ളി: തൃത്തല്ലൂർ യു.പി സ്‌കൂൾ മുറ്റം നിറയെ മലയാള അക്ഷരമാലയിലെ അക്ഷരങ്ങൾ. എല്ലാം പല നിറങ്ങളോടെ നിരത്തിവച്ചിരിക്കുന്നു. അക്ഷരങ്ങൾക്കടുത്തായി തിളങ്ങുന്ന പാത്രത്തിൽ പുഷ്പവും, കുരുത്തോലയും, ബലൂണും. പ്രവേശനോത്സവത്തിനായി സ്‌കൂളിൽ കടന്നുവരുന്നവരൊക്കെ അക്ഷരമുറ്റത്തെ ആകാംക്ഷയോടെ നോക്കി. അക്ഷരമുറ്റത്തെ അക്ഷരത്തെ നോക്കി പുഷ്പാർച്ചന നടത്തിയ ഒന്നാം ക്ലാസിലെ എല്ലാ കുരുന്നുകളും ടീച്ചർ പറഞ്ഞത് ഏറ്റുചൊല്ലി സ്വയം മണ്ണെഴുത്ത് നടത്തി. പിന്നീടത് കുട്ടികളുടെ സ്വയം പ്രവേശനോത്സവമായി മാറി. പലരും മണ്ണിൽ വിരലുകൊണ്ട് അക്ഷരം കൃത്യമായി എഴുതിയപ്പോൾ ചിലരൊക്കെ ചിത്രം വരച്ചു. കാണികളായി നിന്ന എല്ലാവരും കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. വാടാനപ്പള്ളി പഞ്ചായത്ത് അംഗം കെ.എസ്. ധനീഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് അനീഷ ഷിജിത്ത് അദ്ധ്യക്ഷയായി. പ്രധാനഅദ്ധ്യാപിക സി.പി. ഷീജ, ദേശീയ അദ്ധ്യാപക പുരസ്‌കാര ജേതാവ് കെ.എസ്. ദീപൻ, അമ്പിളി രാജൻ, പി.വി. ശ്രീജാ മൗസമി, കെ.ജി. റാണി എന്നിവർ പ്രസംഗിച്ചു.