 
പടിഞ്ഞാറെ ചാലക്കുടിയിലെ ഐ.ആർ.എം.എൽപി സ്‌കൂൾ.
ചാലക്കുടി: കൊവിഡിന്റെ നീരാളിപ്പിടുത്തത്തിൽ നിന്നും മോചിപ്പിക്കപ്പെട്ട് ചുറ്റുവട്ടത്തെ വിദ്യാലയങ്ങൾ പ്രവേശനോത്സവത്തിന്റെ ആഹ്ലാദാരവങ്ങൾ പങ്കിടുമ്പോൾ നാഥനാരെന്ന് വ്യക്തതയില്ലാത്ത പടിഞ്ഞാറെ ചാലക്കുടിയിലെ ഈ പള്ളിക്കൂടത്തിന് ഇന്നും മ്ലാനത മാത്രം. ഐ.ആർ.എം.എൽ.പി സ്‌കൂളാണ് നഗരസഭ ഏറ്റെടുക്കലിന്റെ ഉത്തരവും കാത്തിരിക്കുന്നത്. ഉടമസ്ഥാവകാശം ആർക്കെന്ന് തിട്ടമില്ലാത്തിനാൽ പ്രതാപമെല്ലാം ക്ഷയിച്ച പ്രാഥമിക വിദ്യാലയത്തിൽ ഇപ്പോൾ അവശേഷിക്കുന്നത് 14 കുട്ടികൾ. അവരെ പഠിപ്പിക്കുന്നതിന് രണ്ട് അദ്ധ്യാപകരും. ഇവർ പണം മുടക്കി വച്ച താത്ക്കാലിക അദ്ധ്യാപകരായി മറ്റു രണ്ടുപേരുമുണ്ട്. മാനേജരുമില്ല, കമ്മിറ്റിയുമില്ല. ഭൗതിക സാഹചര്യങ്ങളിലെ അപര്യാപ്തതയാണ് സ്‌കൂളിന്റെ അധഃപതനത്തിന് തുടക്കമിട്ടത്. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തുടർന്നപ്പോൾ അദ്ധ്യാപകരും അനദ്ധ്യാപകരും കുറഞ്ഞു. 1953ൽ ആരംഭിച്ച സ്ഥാപനം മാനേജ്‌മെന്റ് തീരുമാനപ്രകാരം നഗരസഭയ്ക്ക് കൈമാറി. ഇപ്പോൾ ഉടമസ്ഥാവകാശം നഗരസഭയ്ക്കാണെങ്കിലും സ്‌കൂളിന്റെ നടത്തിപ്പ് തദ്ദേശ സ്ഥാപനത്തിന് കൈമാറുന്ന വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇനിയും ലഭ്യമായില്ല. ഇക്കാരണത്താൽ സർക്കാർ ഫണ്ടുകളും ലഭിക്കുന്നില്ല. അങ്ങനെ ഇല്ലത്തു നിന്നും ഇറങ്ങിയെങ്കിലും അമ്മാത്ത് എത്താത്ത അവസ്ഥയിലായിരിക്കുന്നു ഈ സരസ്വതി ക്ഷേത്രം. പ്രദേശവാസികളുടെ കുരുണ്യത്താൽ ഇഴഞ്ഞു നീങ്ങുന്ന വിദ്യാലയം ഇനിയും എത്ര നാളെന്ന ചോദ്യമാണ് ഉയർത്തുന്നത്.