 
തൃപ്രയാർ: നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിന് സ്വന്തമായൊരു ഗ്രൗണ്ട് എന്ന സ്വപ്നം യാഥാർത്ഥ്യമായി. ഗ്രൗണ്ടിന്റെ ഉദ്ഘാടനം സ്‌കൂൾ മാനേജരും ആർ.ഡി.സി കൺവീനറുമായ പി.കെ. പ്രസന്നൻ നിർവഹിച്ചു. പഠനത്തോടൊപ്പം കലാകായിക രംഗത്ത് സ്‌കൂളിനെ ഉയർത്തുകയാണ് ലക്ഷ്യമെന്ന് പി.കെ. പ്രസന്നൻ പറഞ്ഞു. സ്‌കൂളിന് എതിർവശത്ത് കാടുകയറി കിടന്നിരുന്ന എസ്.എൻ ടസ്റ്റിന്റെ സ്ഥലം വെട്ടിത്തെളിച്ചു. ഇവിടെ വോളിബാൾ കോർട്ട് സജ്ജീകരിച്ചിട്ടുണ്ട്. ഫുട്‌ബാൾ ഉൾപ്പെടെയുള്ള മറ്റു കായിക ഇനങ്ങളുടെ പരിശീലനം ഉടൻ ആരംഭിക്കും. പഠനത്തിലും സ്‌പോർട്‌സിലും വിവിധ നേട്ടങ്ങൾ കൈവരിച്ച സ്‌കൂളിന് സ്വന്തമായൊരു കളിസ്ഥലം വേണമെന്ന ആവശ്യം പി.ടി.എയുടേതായിരുന്നു. പി.ടി.എ പ്രസിഡന്റ് കെ.വി. സജീവൻ ആർ.ഡി.സിയുമായി ബന്ധപ്പെട്ട് ആവശ്യം അറിയിച്ചു. ആർ.ഡി.സിയുടെ പൂർണ പിന്തുണയാണ് ഇക്കാര്യത്തിലുണ്ടായത്.
പി.ടി.എ പ്രസിഡന്റ് കെ.വി. സജീവൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ അമ്പിളി സതീഷ്, ഹെഡ്മിസ്ട്രസ് യു. സുനിത, സി.എസ്. മണികണ്ഠൻ, കായികദ്ധ്യാപകൻ ബബിൾ, പ്രേമചന്ദ്രൻ വടക്കേടത്ത്, സി.കെ. ശിവരാജൻ, വി.ഡി. സന്തോഷ് എന്നിവർ സംസാരിച്ചു.