p

വടക്കാഞ്ചേരി/തൃശൂർ: നാലാം ക്ലാസ് വിദ്യാർത്ഥിക്ക് സ്‌കൂൾ വളപ്പിൽ പാമ്പു കടിയേറ്റു. സ്കൂൾ വാനിൽ നിന്നിറങ്ങുന്നതിനിടെ രാവിലെ 9.45നാണ് സംഭവം നടന്നത്. വടക്കാഞ്ചേരി പാലസ് റോഡിൽ ഗവ.ബോയ്‌സ് എൽ.പി സ്‌കൂൾ വിദ്യാർത്ഥിയും കുമരനെല്ലൂർ അയ്യത്ത് അനിൽ കുമാർ - ദിവ്യ ദമ്പതികളുടെ മകനുമായ ആദേശ് അനിൽകുമാറിനെയാണ് (9) അണലി കടിച്ചത്. മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണം ചെയ്തു. വാനിലെ ഡ്രൈവറടക്കമുള്ളവർ ചേർന്ന് പാമ്പിനെ തല്ലിക്കൊന്നു.

സ്‌കൂൾ കെട്ടിടം പൊളിച്ചു പണിയുന്നതിനാൽ ഇവിടത്തെ നൂറോളം വിദ്യാർത്ഥികളെ സമീപത്തെ ആനപ്പറമ്പ് ഗേൾസ് എൽ.പി സ്‌കൂൾ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. ആനപ്പറമ്പ് സ്കൂളിൽ ഇറങ്ങുന്നതിനിടെയാണ് കാലിൽ എന്തോ കടിച്ചെന്ന് ആദേശ് സുഹൃത്തുക്കളോട് പറഞ്ഞത്. ഉടൻ കാൽ പിന്നിലേക്ക് വലിച്ചു. ഉറുമ്പു കടിച്ചതാണെന്നാണ് ആദ്യം കരുതിയത്. അപ്പോഴാണ് ഒപ്പമുണ്ടായിരുന്ന കുട്ടികൾ പാമ്പിനെ കണ്ടത്. തുടർന്ന് അദ്ധ്യാപകരും നാട്ടുകാരും ചേർന്ന് കുട്ടിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് മെഡിക്കൽ കോളേജിലെത്തിച്ചത്.

അരയേക്കറോളമുള്ള സ്കൂൾ വളപ്പ് ജെ.സി.ബി ഉപയോഗിച്ച് വൃത്തിയാക്കിയിരുന്നുവെന്നും, മണ്ണിളകിയപ്പോൾ ഇഴ ജന്തുക്കൾ പുറത്തു വന്നതാകാമെന്നുമാണ് നിഗമനം.

കാൽപ്പാദത്തിൽ പോറൽ മാത്രമാണുള്ളത്.

ഐ.സി.യുവിലാണെങ്കിലും കുട്ടിക്ക് ബോധമുണ്ട്. മറ്റ് അസ്വസ്ഥതകളില്ല. ശിശുരോഗ വിദഗ്ദ്ധയുടെ നേതൃത്വത്തിൽ നാല് വിഭാഗത്തിലുള്ള ഡോക്ടർമാർ ചേർന്നാണ് 48 മണിക്കൂർ നിരീക്ഷണത്തിലുള്ള കുട്ടിയെ ചികിത്സിക്കുന്നത്. ആരോഗ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണിത്. ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കി രണ്ടോടെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിരുന്നു. അതേസമയം, സംഭവത്തിൽ പരാതിയില്ലെന്ന് കുട്ടിയുടെ പിതാവ് വ്യക്തമാക്കി.

സ്‌കൂളിൽ പൊലീസ് കാവൽ

സംഭവത്തിൽ എ.ബി.വി.പി, കെ.എസ്.യു പ്രവർത്തകർ പ്രതിഷേധവുമായെത്തിയതിനെ തുടർന്ന് സ്‌കൂളിൽ കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തി. മന്ത്രി വി. ശിവൻകുട്ടി കുട്ടിയുടെ പിതാവുമായും ആശുപത്രി - സ്‌കൂൾ അധികൃതരുമായും സംസാരിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, ഡി.ഡി.ഇ. ടി.വി.മദനമോഹൻ എന്നിവർ മെഡിക്കൽ കോളേജിലെത്തി. വടക്കാഞ്ചേരി ഉപജില്ലയിലെ എ.ഇ.ഒമാർ യോഗം ചേർന്ന് ശുചീകരണപ്രവർത്തനം ഉറപ്പാക്കണമെന്ന് നിർദ്ദേശം നൽകി