
തൃശൂർ: ആസാദി കാ അമൃത് മഹോത്സവത്തോട് അനുബന്ധിച്ച് കേന്ദ്ര യുവജന, കായിക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ലോക സൈക്കിൾ ദിനമായ ഇന്ന് സൈക്കിൾ റാലികൾ സംഘടിപ്പിക്കും. സംസ്ഥാന, ജില്ലാ, ബ്ലോക്ക് തലത്തിലും റാലികൾ ഉണ്ടാകും. ആഗോളതാപനത്തിന്റെയും അനാരോഗ്യ ജീവിതശൈലികളുടെയും പ്രശ്‌നം പരിഹരിക്കാൻ സൈക്കിൾ സവാരി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
സംസ്ഥാനതല ഉദ്ഘാടനവും റാലിയും ഇന്ന് രാവിലെ 9.30ന് തിരുവനന്തപുരത്ത് കേരള സർവകലാശാല കാമ്പസിൽ കായികമന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. ജില്ലാതല സൈക്കിൾ റാലി രാവിലെ 8ന് തൃശൂർ വിദ്യാർത്ഥി കോർണറിൽ ടി.എൻ.പ്രതാപൻ എം.പി ഫ്‌ളാഗ് ഓഫ് ചെയ്യും. തുടർന്ന് 75 പേരടങ്ങുന്ന റാലി സ്വരാജ് റൗണ്ട് വലം വെച്ച് എം.ജി.റോഡിലൂടെ അയ്യന്തോൾ യുദ്ധസ്മാരകത്തിന് സമീപം സമാപിക്കും. നെഹ്‌റു യുവകേന്ദ്ര, നാഷണൽ സർവീസ് സ്‌കീം, മറ്റ് സർക്കാർ ഏജൻസികൾ, സന്നദ്ധ സംഘടനകൾ, യൂത്ത് ക്ലബ്ബുകൾ, സൈക്കിൾ അസോസിയേഷനുകൾ എന്നിവയുടെ ആഭിമുഖ്യത്തിലാണ് റാലി.