എടമുട്ടം: സ്‌നേഹഭവനം വിദ്യാർത്ഥിയ്ക്ക് നൽകി പ്രവേശനോത്സവം വേറിട്ട ആഘോഷമാക്കി മാറ്റി. കഴിമ്പ്രം വി.പി.എം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകരും അനദ്ധ്യാപകരും തങ്ങളുടെ വേതനത്തിൽ നിന്ന് ഒരു വിഹിതം വിനിയോഗിച്ച് തീരദേശത്ത് നിർമ്മിച്ച ഭവനമാണ് കൈമാറിയത്.
സ്‌കൂൾ ലോക്കൽ മാനേജരും എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയൻ പ്രസിഡന്റുമായ ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് താക്കോൽ ദാനം നിർവഹിച്ചു. പോണത്ത് ജോഷിയുടെ മകൻ ആദിത്യൻ താക്കോൽ എറ്റുവാങ്ങി. യോഗം ജന. സെക്രട്ടറി വെള്ളാപ്പിള്ളി നടേശന്റെ ധന്യസാരഥ്യത്തിന്റെ രജതജൂബിലി കർമ്മപദ്ധതിയുടെ ഭാഗമായാണ് വീട് നിർമ്മിച്ചത്.
സ്വന്തമായുള്ള മൂന്ന് സെന്റ് ഭൂമിയിൽ ഓല കൊണ്ടുള്ള കൂരയിലാണ് ആദിത്യനും കുടുംബവും താമസിച്ചിരുന്നത്. പ്രവേശനോത്സവം വലപ്പാട് പഞ്ചായത്ത് പ്രസിഡൻ്റ് ഷിനിത ആഷിക് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രമേശ് ബാബു അദ്ധ്യക്ഷനായി. വെൽഫെയർ കമ്മിറ്റി കൺവീനർ പി.വി. സുദീപ്കുമാർ സ്‌നേഹഭവനത്തിന്റെ എൻജിനിയറും പി.ടി.എ അംഗവുമായ സുമോദിനെ പൊന്നാട അണിയിച്ചു. പഞ്ചായത്തംഗങ്ങളായ അനിത കാർത്തികേയൻ, ഷൈൻ നെടിയിരിപ്പിൽ, ബി.കെ. മണിലാൽ, സുബില പ്രസാദ്, പ്രിൻസിപ്പൽ ഒ.വി. സാജു, ഹെഡ്മിസ്ട്രസ് നടാഷ, ഇ.ഐ. മുജീബ് എന്നിവർ സംസാരിച്ചു.