 
കൊടുങ്ങല്ലൂർ: അവശനിലയിയായ വയോധികയെ നഗരസഭ അധികൃതരും സാമൂഹ്യ നീതിവകുപ്പും നാട്ടുകാരും ചേർന്ന് വയോജന സദനത്തിലെത്തിച്ചു. നഗരസഭയിലെ വയലാറിൽ പഞ്ചയിൽ സരസ്വതി (72) യെയാണ് സ്വന്തം വീട്ടിൽ നിന്നും പ്രാഥമിക ആവശ്യങ്ങൾക്ക് പോലും പുറത്തുപോകാൻ കഴിയാതെ അവശനിലയിൽ കിടക്കുന്നതിനെ തുടർന്ന് മേത്തല ദയ അഗതിമന്ദിരത്തിലേയ്ക്ക് മാറ്റിയത്. പെയിന്റിംഗ് തൊഴിലാളിയായ മകനും ഭാര്യയും മക്കളും മറ്റൊരു വീട്ടിലാണ് താമസം. കിടപ്പിലായ സരസ്വതിക്ക് ഭക്ഷണം കൃത്യമായി നൽകുന്നതിനോ ആവശ്യമായ ശുശ്രൂഷ നൽകുന്നതിനോ ആരുമുണ്ടായിരുന്നില്ല.
വാർഡ് കൗൺസിലറായ ടി.കെ. ഗീതയുടെ നേതൃത്വത്തിൽ പൊതുപ്രവർത്തകരും നാട്ടുകാരും ഇടപെട്ടതിനെ തുടർന്ന് വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ സാമൂഹ്യ നീതി ജില്ലാ ഓഫീസറുമായി ബന്ധപ്പെട്ട് വയോധികയെ വീട്ടിൽ നിന്നും മാറ്റിത്താമസിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
നഗരസഭ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, കൗൺസിലർ ടി.കെ. ഗീത, സാമൂഹ്യ നീതിവകുപ്പ് ജില്ലാ കൗൺസിലർ എ. ദിവ്യ, പൊതുപ്രവർത്തകരായ പി.ടി. രാജേന്ദ്രൻ, ജോഷി, ആശാ പ്രവർത്തകയായ ഷെമി, സി.ഡി.എസ് മെമ്പർ ജ്യോതി എന്നിവർ ചേർന്ന് ദയ അഗതിമന്ദിരത്തിലെത്തി സരസ്വതിയെ ഏൽപ്പിക്കുകയായിരുന്നു. ദയ മന്ദിരത്തിന്റെ കെയർടേക്കർ എൻ.എം. ജലീൽ സരസ്വതിയെ ഏറ്റെടുത്തു.