വടക്കാഞ്ചേരി: മച്ചാട് ചെറുകിട വ്യവസായ പാർക്ക് ഇനി നാടിന് സ്വന്തം. മച്ചാട് പവർ ലൂം വ്യവസായ സഹകരണ സംഘം കെട്ടിടവും സ്ഥലവും ഇനി ചെറുകിട വ്യവസായ പാർക്ക്. ഉത്സവാന്തരീക്ഷത്തിലാണ് പാർക്കിന്റെ ഉദ്ഘാടനം നടന്നത്. ചെണ്ടമേളവും മുത്തുക്കുടകളും വികസനപ്പൂരത്തിന്റെ വിളംബരമായി. സാധാരണക്കാരായ നിരവധി സംരഭകർക്കും തൊഴിലാളികൾക്കും ഈ കെട്ടിടം ഇനി ആശ്രയ കേന്ദ്രമാവും.
വ്യവസായ പാർക്കിന്റെ പ്രവർത്തനോദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ അദ്ധ്യക്ഷനായി. കുടുംബശ്രീ വ്യവസായ യൂണിറ്റിന്റെ സ്വിച്ച് ഓൺ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. നഫീസ നിർവഹിച്ചു. പരിശീലനം ലഭിച്ച കുടുംബശ്രീ അംഗങ്ങൾക്കുള്ള യൂണിഫോം വിതരണം ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. വിനയനും സർട്ടിഫിക്കറ്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി. സുനിൽകുമാറും നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. ഉമാലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ എം.കെ. ശ്രീജ, കൃപകുമാർ, എ.ആർ. കൃഷ്ണൻകുട്ടി, കെ. രാമചന്ദ്രൻ, എൻ.ജി. സന്തോഷ് ബാബു, മനോജ് കടമ്പാട്ട്, പി.എസ്. റഫീക്ക്, പി.ടി. മണികണ്ഠൻ, അജിത സുനിൽ, കെ.എൻ. രാജൻ, അരുൺ ടി. ജോൺ എന്നിവർ സംസാരിച്ചു. കണ്ണൂർ സർവകലാശാലയിൽ നിന്നും നാടക ഗവേഷണത്തിൽ ഡോക്ടറേറ്റ് നേടിയ റിട്ടയേർഡ് അദ്ധ്യാപകൻ ഡോ. കെ.സി. ശശീധരനെ ചടങ്ങിൽ ആദരിച്ചു.
പാർക്കിന് തുടക്കമിട്ടത് തെക്കുംകര പഞ്ചായത്ത്
വർഷങ്ങളായി പ്രവർത്തനരഹിതമായി അടഞ്ഞുകിടന്ന കെട്ടിടം വ്യവസായ വകുപ്പിൽ നിന്നും തെക്കുംകര പഞ്ചായത്ത് പാട്ടത്തിന് എടുത്ത് വ്യവസായ സംരംഭത്തിന് തുടക്കമിടുകയായിരുന്നു. സംസ്ഥാന സർക്കാരിന്റേയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും അനുമതിയോടെ കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ എൽ.ഇ.ഡി ബൾബുകൾ, ട്യൂബുകൾ എന്നിവയുടെ നിർമ്മാണത്തിനും റിപ്പയറിംഗിനുമുള്ള യൂണിറ്റാണ് പ്രവർത്തനം ആരംഭിച്ചത്.