പാവറട്ടി: രണ്ടു പെൺമക്കളെ പഠിപ്പിക്കുന്നതിനും ജീവിതം മന്നോട്ടു നയിക്കുന്നതിനുമായി കാറ്റിനെയും മഴയെയും അവഗണിച്ച് പുഴയിൽ മത്സ്യബന്ധനം നടത്തുകയാണ് മരുതിയൂരിലെ വീട്ടമ്മ. പാവറട്ടി വളഞ്ചേരി വീട്ടിൽ ഷൈനജൻ ഭാര്യ സന്ധ്യ (38) ആണ് ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ വേണ്ടി പുഴയിൽ വഞ്ചി തുഴയുന്നത്. 2018ലെ പ്രളയത്തിന് മുമ്പായി ഭർത്താവിന് പാവറട്ടിയിൽ ഉണ്ടായ അപകടത്തെ തുടർന്ന് കുടുംബത്തിലെ ഏക വരുമാനം നിലച്ച് ഭർത്താവ് കിടപ്പിലായതോടെ ജീവിതം വഴിമുട്ടി. സന്ധ്യ പല ജോലികളും ചെയ്തു നോക്കിയെങ്കിലും ഒന്നും വിജയിക്കാതെ വന്നപ്പോഴാണ് മത്സ്യബന്ധനം നടത്താം എന്ന ആശയം ഉദിച്ചത്. പുഴയുടെ അരികിൽ ഓലമേഞ്ഞ വാടക വീട്ടിലാണ് സന്ധ്യയും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. 1500 രൂപയാണ് മാസ വാടക. ശുചിമുറിയോ മറ്റു സൗകര്യങ്ങളോ ഇല്ല. ആക്‌സിഡന്റിൽ വാരിയെല്ലിന് ക്ഷതം സംഭവിച്ച ഷൈനജിന് ഭാരമുള്ള ജോലികളിൽ ഏർപ്പെടരുതെന്ന് ഡോക്ടർ നിർദ്ദേശം നൽകിയിരുന്നു. കൂലിപ്പണിക്കാരനായ ഷൈനജന് കുടുംബ ജീവിതം മന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യം വന്നപ്പോഴാണ് സന്ധ്യ പുഴയിലേക്ക് ഇറങ്ങിയത്. ദിവസവും 300 മുതൽ 500 രൂപ വരെ വരുമാനം ലഭിക്കും എന്ന് പറയുന്നു. സന്ധ്യയാണ് വഞ്ചി തുഴയുക. കണ്ടാടി വല ഇടുന്നതിന് ഭർത്താവ് സഹായിക്കും. വൈകിട്ട് 5 മണിയോടുകൂടി വഞ്ചിയുമായി ഇറങ്ങിയാൽ രാത്രി 2 വരെ പുഴയിലാണ്. കാളാനി മുതൽ ചേറ്റുവ കണ്ടൽകാട് വരെ വലയിടുന്നതിനായി ഇരുവരും തുഴഞ്ഞു പോകും. ജീവിതം കരകയരുന്നതിനായി.