jcb
പുല്ലൂറ്റ് പുഴയിൽ നിന്നും ജെ.സി.ബി ഉപയോഗിച്ച് എക്കൽ നീക്കം ചെയ്യുന്നു.

പുല്ലൂറ്റ് പുഴയിൽ എക്കൽ നീക്കുന്ന ഓപ്പറേഷൻ വാഹിനി ദ്രുതഗതിയിൽ

കൊടുങ്ങല്ലൂർ: പെരിയാറിന്റെ ഒഴുക്കിനെ തടസപ്പെടുത്തി അടിഞ്ഞുകൂടിയിരിക്കുന്ന എക്കൽ നീക്കം ചെയ്യുന്ന പ്രവൃത്തി പുല്ലൂറ്റ് പുഴയിൽ ദ്രുതഗതിയിൽ. ഓപ്പറേഷൻ വാഹിനി എന്ന പേരിൽ ഇറിഗേഷൻ വകുപ്പ് യുദ്ധകാല അടിസ്ഥാനത്തിൽ നടത്തിവരുന്ന പദ്ധതി മഴക്കാലത്തിന് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പാക്കുന്നതോടെ പുഴകളുടെ ആഴം വർദ്ധിക്കും. കഴിഞ്ഞ പ്രളയകാലത്താണ് പോഷക നദിയായ പെരിയാറിൽ മണ്ണും ചെളിയും നിറഞ്ഞ് ആഴം കുറഞ്ഞതായി പഠനത്തിൽ കണ്ടെത്തിയത്.

പുഴകളുടെ ആഴം കുറഞ്ഞതോടെ സുഗമായ ഒഴുക്കിനെയും ബാധിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പുഴയിൽ നിന്ന് എക്കൽ നീക്കം ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. പുല്ലൂറ്റ് പുഴയിൽ അഞ്ചോളം ജെ.സി.ബികൾ ഒരേ സമയമാണ് എക്കൽ നീക്കം ചെയ്യുന്നത്. കൃഷ്ണൻകോട്ട പാലം വരെയുള്ള എക്കൽ വാരൽ അടുത്ത ദിവസം വരെ തുടരും. ഇങ്ങിനെ വാരിയെടുക്കുന്ന എക്കൽ കരയിലേക്കാണ് മാറ്റുന്നത്. അതത് തദ്ദേശസ്ഥാപനങ്ങളെ എക്കൽ അളന്ന് ഏൽപ്പിക്കാനാണ് ഇറിഗേഷൻ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. പിന്നീട് തദ്ദേശസ്ഥാപനങ്ങൾ എക്കൽ നാട്ടുകാർക്ക് ലേലം ചെയ്യും.