vitharanamകൊടുങ്ങല്ലൂർ നഗരസഭ തല വൃക്ഷത്തൈ വിതരണം ചെയർപേഴ്‌സൺ എം.യു. ഷിനിജ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിന് നഗരസഭയിലെ വിവിധ വാർഡുകളിലേക്ക് തൈകൾ വിതരണം ചെയ്തു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ സ്വന്തം വീടുകളിൽ തൈകൾ നട്ടുപിടിപ്പിക്കും.

കൂടാതെ അവരുടെ നേതൃത്വത്തിൽ നഗരസഭ പ്രദേശത്തെ പൊതുസ്ഥലങ്ങളിലും വൃക്ഷത്തൈകൾ നടും. പൊതുസ്ഥലങ്ങളിൽ പച്ചത്തുരുത്തുകളും നിർമ്മിക്കും. ഇപ്പോൾ മൂന്ന് പച്ചത്തുരുത്തുകളാണ് നഗരസഭയിലുള്ളത്. നെല്ലി, ഞാവൽ, എലഞ്ഞി, പൂവരശ്, സീതപ്പഴം, കണിക്കൊന്ന, നീർമരുത്, നാരകം, രക്തചന്ദനം, പ്ലാവ്, പേര തുടങ്ങിയ 55 തൈകൾ വീതമാണ് ഓരോ വാർഡിലും നൽകുന്നത്.

നഗരസഭ തല വൃക്ഷത്തെ വിതരണോദ്ഘാടനം ചെയർപേഴ്‌സൺ എം.യു. ഷിനിജ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൽകി നിർവഹിച്ചു. വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ലത ഉണ്ണികൃഷ്ണൻ, എൽസി പോൾ, ഒ.എൻ. ജയദേവൻ, ഷീല പണിക്കശ്ശേരി, ഓവർസിയർ പ്രിയ പോൾ എന്നിവർ പ്രസംഗിച്ചു.